Saturday, April 26, 2025
spot_imgspot_img
HomeNewsസർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്; 'റോബിൻ്റെ' യാത്രയിൽ ജനത്തിൻ്റെ പ്രതികരണം സർക്കാരിനെതിരെയുള്ള...

സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്; ‘റോബിൻ്റെ’ യാത്രയിൽ ജനത്തിൻ്റെ പ്രതികരണം സർക്കാരിനെതിരെയുള്ള പ്രതിഷേധം, റോബിന്‍ വ്യവസ്ഥ നടപ്പായാല്‍ പൂട്ടേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി.

കോട്ടയം: നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് കേരള സർക്കാർ ആവർത്തിക്കുമ്പോൾ ഒരു സംരംഭകനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് അതിനർത്ഥമെന്നാണ് സംസ്ഥാനത്ത് ഏതാനും നാളുകളായി നടക്കുന്ന സംഭവങ്ങളിൽ നിന്നും ജനം മനസ്സിലാക്കിയിരിക്കുന്നത്. അതാണ് റോബിൻ ബസിന് വഴിനീളം ലഭിച്ച സ്വീകരണത്തിൽ നിന്നും തിരിച്ചറിയേണ്ടതും.

People’s reaction to ‘Robin’s’ journey is protest against the government

റോബിനെ തകർക്കാൻ തമിഴ്നാട് സർക്കാരിനെയും കൂട്ടുപിടിച്ചു എന്നായിരുന്നു ജനങ്ങളുടെ തന്നെ പ്രതികരണം. റോബിൻ സർവ്വീസ് തുടങ്ങിയ കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് തുടങ്ങിയതും മറ്റൊരു പ്രതികാരം. റോബിൻ്റെ യാത്രയിൽ ജനത്തിൻ്റെ പ്രതികരണം സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു. എങ്ങും വമ്പൻ സ്വീകരണമൊരുങ്ങുമ്പോൾ ജനങ്ങൾക്ക് സർക്കാരിനോട് പറയാനുള്ളതാണ് സോഷ്യൽ മീഡിയയിൽ പോലും പ്രതിഫലിച്ചത്.

ഇപ്പോള്‍ ഏറ്റവും പുതിയതായി റോബിൻ ബസ് നല്കിയ ഹർജിയിൽ കക്ഷി ചേരാൻ കെ എസ് അർ ടി സി അപേക്ഷ നൽകിയതാണ് ചര്‍ച്ചാ വിഷയം. ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കിയാല്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. വരുമാനത്തിന്റെ 60 ശതമാനവും ദീര്‍ഘദൂര ബസുകളില്‍നിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

“ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ഇവ സ്വന്തമാക്കാനാണ് സ്വകാര്യബസുകാര്‍ ശ്രമിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ഓടിക്കുന്ന ബസുകളുണ്ടാക്കുന്ന നഷ്ടം നികത്തുന്നത് ദീര്‍ഘദൂര ബസുകളുടെ വരുമാനത്തിലൂടെയാണ്.

റോബിന്‍ ബസ് ഓടിത്തുടങ്ങിയതും യാത്രക്കാരുള്ള സമയത്താണ്. ഈ പരീക്ഷണം വിജയിച്ചാല്‍ 250-ലധികം സ്വകാര്യബസുകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് നേടി നിരത്തിലിറങ്ങാന്‍ സജ്ജരായി നില്‍പ്പുണ്ട്. പരമാവധി യാത്രാദൂരം 140 കിലോമീറ്റര്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനകാരണം പെര്‍മിറ്റ് നഷ്ടമായ വടക്കന്‍ ജില്ലകളിലെ ചില സ്വകാര്യബസ് ഉടമകളും റോബിന്റെ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ്.

ഇതോടെ, റൂട്ട് പെര്‍മിറ്റ് വ്യവസ്ഥ തകരുമെന്നും സ്വകാര്യബസുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കുമെന്നും പോലീസ് ഇന്റലിജന്‍സ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസിന് ബാധകമല്ല.”

പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്സ് പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ പറഞ്ഞു.

അതേസമയം സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്കാരം പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ റോബിൻ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദ്ദേശം നിലവിലുണ്ട്. എന്നാൽ പലയിടത്ത് തടഞ്ഞ് പിഴ ഈടാക്കി തന്നെ വേട്ടയാടുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് സർക്കാരിൻ്റെ ശ്രമം. വൻ തുക ദിനംപ്രതി ഈടാക്കി തന്നെ അടിയറവ് പറയിക്കാൻ സർക്കാർ സംവീധാനങ്ങൾ ദുരുപയോഗിക്കുകയാണെന്ന് ഗിരീഷ് പറഞ്ഞു.

കെ എസ് ആർ ടി സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദ്ദേശം നൽകുമോ എന്ന് ഗിരീഷ് ചോദിച്ചു. കെ എസ് ആർ ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിയമാനുസൃതം സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ കഴിയുന്നില്ല. സംരംഭങ്ങൾ നടത്താൻ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു പരിഹരിച്ചു പ്രവർത്തനങ്ങൾ സുഗമമാക്കേണ്ട സർക്കാർ സംരംഭങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഗിരീഷ് പറഞ്ഞു. എന്തു പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയൻ മാർഗ്ഗത്തിൽ മാത്രമായിരിക്കും തൻ്റെ പോരാട്ടമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. ജന്മനാട്ടിൽ ലഭിച്ച ശ്രേഷ്ഠകർമ്മ പുരസ്ക്കാരം തനിക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ശ്രേഷ്ഠകർമ്മ പുരസ്കാരം ബേബി ഗിരീഷിന് സമ്മാനിച്ചു. എം എൽ എ മാർ പോലും നിയമസഭയിൽ അക്രമ സമരം നടത്തുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ മാർഗ്ഗത്തിലൂടെ അനീതിക്കെതിരെ പോരാടുന്ന ബേബി ഗിരീഷ് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനോടുള്ള കടുത്ത എതിർപ്പാണ് ഗിരീഷിന് വർദ്ധിച്ച പിന്തുണയുടെ കാതൽ. ഭരണകർത്താക്കൾ പ്രതികാര നടപടികൾ അവസാനിപ്പിച്ച് നിയമാനുസൃതം പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments