പത്തനംതിട്ട: കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. രാവിലെ എട്ടു മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം.
കഴിഞ്ഞ ഞായറാഴ്ചയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു കയറിയത്.
മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയരുന്നു. വിദേശത്തുള്ള ബന്ധുക്കളെത്താൻ വേണ്ടിയായിരുന്നു സംസ്കാരം മാറ്റിവെച്ചത്. അതേസമയം കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബിജു പി ജോർജ്ജ് ആണ് കാർ ഓടിച്ചിരുന്നത്.