യു കെ : എൻഎച്ച്എസുമായുള്ള നിയമപോരാട്ടത്തിനിടെ മരിച്ച യുവതിയുടെ രക്ഷിതാക്കൾക്ക് അനുകൂലമായ കോടതി വിധി. അപൂര്‍വമായ മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ ബാധിച്ച സുദീക്ഷ തിരുമലേഷിന്റെ ചികിത്സയെ സംബന്ധിച്ചുള്ള തര്‍ക്കമാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായുള്ള നിയമ യുദ്ധത്തിലേക്ക് രക്ഷിതാക്കളെ നയിച്ചത്.parents of woman who died win appeal in nhs battle
കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സുദീക്ഷയുടെ മാതാപിതാക്കളായ തിരുമലേഷ് ചെല്ലമൽ ഹേമചന്ദ്രനും രേവതി മലേഷ് തിരുമലേഷും വ്യക്തമാക്കി.
തന്റെ അപൂർവ്വ ജനിതക വൈകല്യത്തെ നേരിടുവാൻ കാനഡയിൽ ലഭ്യമാകുന്ന പരീക്ഷണാത്മക ചികിത്സയ്ക്ക് പോകുവാൻ സുദീക്ഷ തിരുമലേഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനു പകരമായി, പെൺകുട്ടിയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്ന തീരുമാനമാണ് ആശുപത്രി അധികൃതർ കൈക്കൊണ്ടത്. ഇതിനെതിരെ കോടതിയിൽ സുദീക്ഷ നിയമ പോരാട്ടം നടത്തിയെങ്കിലും, തന്റെ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസികശേഷി പെൺകുട്ടിക്ക് ഇല്ലെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 12ന് ഹൃദയാഘാതത്തെ തുടർന്ന് സുദീക്ഷ മരണത്തിന് കീഴടങ്ങി. എന്നാൽ പിന്നീട് തികച്ചും അപൂർവമായ ഒരു നീക്കത്തിൽ നിലവിലെ കോടതി വിധിക്കെതിരെ മരണാനന്തര അപ്പീൽ നൽകാൻ കോടതി സുദീക്ഷയുടെ മാതാപിതാക്കൾക്ക് അനുമതി നൽകിയിരുന്നു. ഈ അപ്പീലിൽ വാദം കേട്ട കോടതി, പെൺകുട്ടിക്ക് തന്റെ ചികിത്സയുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള മാനസികശേഷി ഉണ്ടായിരുന്നില്ല എന്നുള്ള വിധി റദ്ദാക്കി.
സുദീക്ഷയുടെ മരണശേഷം ആണെങ്കിൽ പോലും, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം നൽകിയതിനും, തെറ്റായ തീരുമാനങ്ങൾ റദ്ദാക്കിയതിനും തങ്ങൾ നന്ദിയുള്ളവരാണെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.