കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച കേസാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്. ട്വിസ്റ്റുകളില്‍നിന്ന് ട്വിസ്റ്റുകളിലേക്ക് നീണ്ട കേസില്‍ ഒടുവില്‍ പരാതിക്കാരിയും പ്രതിയായ ഭര്‍ത്താവും ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയുംചെയ്തിരുന്നു . എന്നാല്‍, ഒന്നരമാസത്തിന് ശേഷം അതേ യുവതി വീണ്ടും ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവായ രാഹുല്‍ പി. ഗോപാല്‍ മര്‍ദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. കൂടാതെ അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരിൽ ഭര്‍ത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം മദ്യലഹരിയിൽ രാഹുൽ മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിലിട്ട് മുറുക്കിയെന്നായിരുന്നു ആദ്യം നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. സ്‌ത്രീധനമായി കൂടുതൽ പണവും കാറും ആവശ്യപ്പെട്ടുവെന്നും അന്ന് ആരോപിച്ചിരുന്നു. കൂടാതെ ഒരുമിച്ച് കുളിക്കാത്തതിൽ രാഹുൽ പിണങ്ങിയെന്നും ചോറ് വാരിക്കൊടുക്കാൻ നിർബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് രാഹുൽ ഭാര്യയായ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദിച്ചത്. യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനുമൊക്കെ മുറിവേറ്റു. അവശയായതോടെ ആംബുലൻസ് വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുൽ അവിടെ നിന്ന് മുങ്ങി.
പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ രാഹുലിനെതിരെ വധശ്രമം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.