പാകിസ്ഥാൻ: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരായ നടപടികള്‍ പാകിസ്ഥാൻ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നാലു ലക്ഷത്തിലധികം അഫ്ഗാനികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെന്ന് പാക് അധികൃതര്‍.
Pakistan expelled the refugees
ഒക്ടോബര്‍ 31 ഓടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തിരികെ പോകണമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചിരുന്നു. രേഖകളില്ലാത്തവരെ മടക്കി അയക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പാകിസ്ഥാൻ നല്‍കുന്ന വിശദീകരണം.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം അഫ്ഗാൻ താലിബാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാകിസ്ഥാൻ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നല്‍കുന്നുണ്ടെന്നും പാക് സര്‍ക്കാര്‍ ആരോപിച്ചു. രാജ്യത്തെ വിവിധ സുരക്ഷാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ താലിബാന് പങ്കുണ്ടെന്നും പാകിസ്ഥാൻ പറയുന്നു.
മതിയായ രേഖകളില്ലാതെ പാക്കിസ്ഥാനില്‍ താമസിക്കുന്ന 1.7 മില്യൻ അഫ്ഗാനികള്‍ ഒക്ടോബര്‍ 31-നകം രാജ്യം വിടണമെന്നും അല്ലെങ്കില്‍ അറസ്റ്റിലാകുമെന്നും പാക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത 1.4 മില്യൻ അഫ്ഗാൻ അഭയാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
1980-കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്റെ അധിനിവേശ സമയത്ത്, ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് പാകിസ്ഥാനില്‍ അഭയം തേടിയെത്തിയത്. 2021-ല്‍ താലിബാൻ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ ഈ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു.
നവംബര്‍ 1 മുതല്‍, കുടിയേറ്റക്കാരുടെ രേഖകള്‍ പരിശോധിക്കാനായി പാക് പോലീസ് ഉദ്യോഗസ്ഥര്‍ വീടു തോറും കയറിയിറങ്ങുന്നുണ്ട്. രാജ്യത്ത് അനധികൃതമായി താമസമാക്കിയ എല്ലാ വിദേശികള്‍ക്കുമെതിരാണ് നടപടിയെന്നാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഈ നീക്കം ബാധിച്ചവരില്‍ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്.
തണുപ്പുകാലം ആരംഭിച്ചതു പോലും കണക്കിലെടുക്കാതെ, അഫ്ഗാൻ അഭയാര്‍ത്ഥികളോട് പാകിസ്ഥാനില്‍ നിന്ന് അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചത് വ്യാപകമായ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിര്‍ത്തണമെന്ന് ഐക്യരാഷ്‌ട്രസഭയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കുടിയേറ്റക്കാര്‍ മടങ്ങിവരുന്നതിലൂടെ അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെപ്പറ്റി യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം അടുത്ത കാലത്ത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു. മടങ്ങിയെത്തിയ അഭയാര്‍ത്ഥികളെ സംബന്ധിച്ച കണക്കുകള്‍ കൃത്യമാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.