തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. മുൻ മോഡൽ സ്റ്റേസി വില്യംസാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്ന സർവൈവേഴ്‌സ് ഫോർ കമല’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിലാണ് 56കാരിയായ സ്റ്റേസി 1993ൽ നടന്ന സംഭവം വെളിപ്പെടുത്തിയത്.
ഡൊണാൾഡ് ട്രംപ് 1993ൽ ട്രംപ് ടവറിൽ വെച്ച് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് സ്റ്റേസിയുടെ ആരോപണം. 1992 ലെ ക്രിസ്തുമസ് പാർട്ടിയിലാണ് ട്രംപിനെ ആദ്യമായി കാണുന്നത്. അന്തരിച്ച ജെഫ്രി എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് സ്റ്റേസി പറഞ്ഞു. ട്രംപും എപ്സ്റ്റീനും അക്കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കൂടുതൽ സമയവും ഒരുമിച്ച് ചിലവഴിച്ചിരുന്നുവെന്നും സ്റ്റേസിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ട്രംപ് തന്നെ കടന്നുപിടിക്കുകയും ലൈംഗികചുവയോടെ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നുവെന്നും സ്റ്റേസി പറഞ്ഞു. എപ്സ്റ്റീനും ട്രംപും ചേർന്ന് ആസൂത്രണം ചെയ്താണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നും സ്റ്റേസി പറഞ്ഞു.
ജെഫ്രി എപ്‌സ്റ്റീൻ എന്ന പിൽകാലത്ത് ബാലപീഡകൻ എന്ന് കണ്ടെത്തിയ വ്യക്തി വഴിയാണ് 1992ൽ ആദ്യമായി ട്രംപിനെ കണ്ടെത്തിയതെന്ന് സ്റ്റേസി വില്യംസ് പറയുന്നു. അന്ന് എപ്‌സ്റ്റീനുമായി സ്റ്റേസി ഡേറ്റിങ്ങിലായിരുന്നു. ട്രംപും എപ്‌സ്റ്റീനും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കുന്നവരായിരുന്നു. അങ്ങനെ പോകവെയാണ് 1993ൽ ട്രംപ് ടവറിൽ വച്ച് ദുരനുഭവം ഉണ്ടായത്. സന്ദർശനത്തിനായി എപ്‌സ്റ്റിനൊപ്പം എത്തിയ തന്നെ ട്രംപ്, പെട്ടെന്ന് വലിച്ചടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും ചെയ്തുവെന്നും സ്റ്റേസി ആരോപിച്ചു. ആ സമയം, ഇരുവരും പരസ്പരം നോക്കി ചിരിക്കുകയായിരുന്നുവെന്നും ഓൺലൈൻ മീറ്റിങ്ങിൽ സ്റ്റേസി പറഞ്ഞു.