പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യ എന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. കോളേജില്‍ നിന്ന് തിരികെയെത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഹോസ്റ്റല്‍ വാർഡൻ പറയുന്നു.
പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ ഇന്നലെ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം.
നാലുവർഷമായി ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നും വളരെ ശാന്തസ്വഭാവക്കാരിയായ പെണ്‍കുട്ടിയായിരുന്നുവെന്നും ഹോസ്റ്റല്‍ വാർഡൻ പറഞ്ഞു. വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി രാത്രി 10 മണിയോടെയാണ് മരിച്ചത്.
അമ്മു പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു. മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്മോർട്ടം നടപടികള്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)