രാവിലെ ഉണർന്നെണീറ്റ് കഴിയുമ്പോൾ കണ്ണാടിയിൽ നോക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. അപ്പോൾ നിങ്ങളുടെ മുഖത്തിൻ്റെ നിറം മങ്ങിയിരിക്കുന്നത് കണ്ടാൽ ഉറപ്പായും വിഷമം ആവില്ലേ? രാവിലെ എണീറ്റയുടൻ തന്നെ തിളക്കമുള്ളതും ആകർഷണീയവുമായ തൻ്റെ മുഖം കണികാണാനാണ് ഒട്ടുമിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. നിങ്ങളെ മുഖചർമത്തിൻ്റെ മനോഹാരിത നിങ്ങളുടെ ആ ദിവസത്തെ സന്തോഷത്തെയും കൂടുതൽ മനോഹരമാക്കി തീർക്കുമെന്ന് ഉറപ്പാണ്. കാണാനഴകുള്ള പ്രശ്നങ്ങളില്ലാത്ത ചർമസ്ഥിതി സ്വന്തമാക്കുക എന്നത് അത്ര പ്രയാസമേറിയ കാര്യമൊന്നുമല്ല.
ചർമത്തിന് പരിപോഷണ ഗുണങ്ങൾ നൽകാനും നിറം മെച്ചപ്പെടുത്താനും നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം ഓട്‌സ് ഉപയോഗിക്കാം. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മറ്റും നിങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ മികച്ച ചർമ്മ സൗന്ദര്യഗുണങ്ങളെ നൽകും. ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം നേടിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന മികച്ച ചില ഓട്‌സ് ഫെയ്സ് പാക്കുകൾ ഇന്നിവിടെ പരിചയപ്പെടാം.
ഓട്സ് തേൻ ഫേസ് പാക്ക്
ഈ ഓട്‌സ് ഫെയ്‌സ് പായ്ക്ക് പതിവായി ഉപയോഗിച്ചാൽ ചർമത്തിൽ ഉണ്ടാകുന്ന വരൾച്ചയെ പ്രതിരോധിക്കാനാവും. ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്ന മികച്ച ഒരു ഫേസ് പായ്ക്കാണിത്.
2 ടേബിൾസ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നിവ ഒരു പാത്രത്തിലിട്ട് ഏറ്റവും നന്നായി മിക്സ് ചെയ്തെടുക്കുക. ഈ ഫെയ്സ് പായ്ക്ക് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് കാത്തിരിക്കാം. ഇത് കഴുകി കളയുമ്പോൾ തന്നെ മൃദുവായതും ഈർപ്പമുള്ളതുമായ ചർമ്മം ലഭിക്കുന്നത് നിങ്ങൾക്ക് തിരിച്ചറിയാനാകും.
ഓട്സ് തൈര് ഫേസ്പാക്ക്
തൈരും ഓട്സും ചേർത്ത് നിങ്ങൾക്ക് ഈ ലോകത്തിലെ ഏറ്റവും മികച്ച ഫേസ് പാക്ക് തയ്യാറാക്കി എടുക്കാനാവും. ചർമ്മത്തിൽ ഉണ്ടാവുന്ന നിറവ്യത്യാസങ്ങളെല്ലാം പരിഹരിക്കാൻ തൈര് നിങ്ങളെ സഹായിക്കും. ഇതുകൂടാതെ ഈ പായ്ക്ക് ചർമ്മത്തെ ശാന്തമാക്കുകയും അമിതമായ എണ്ണമയം കുറയ്ക്കുകയും വ്യക്തവും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നൽകുകയും ചെയ്യും.
ഒരു ടീസ്പൂണ്‍ ഓട്‌സ് എടുത്ത് നല്ലതു പോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് അല്‍പം തൈര് മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇതില്‍ വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇത് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം മാത്രം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇങ്ങനെ ഒരു മാസം കൃത്യമായി ചെയ്താല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെട്ടു പോവും.
മുൾട്ടാണിമിട്ടി ഓട്സ് ഫേസ് പാക്ക്
സൗന്ദര്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ചേരുവകളിലൊന്നാണ് മുൾട്ടാണി മിട്ടി. ഇത് ഏതൊരാളുടെയും ചർമത്തിൽ മികച്ച ഒരു ക്ലെൻസറായി പ്രവർത്തിച്ചുകൊണ്ട് അധികമുള്ള എണ്ണമയത്തെയും അഴുക്കിനെയും നീക്കം ചെയ്യുന്നതിനും മുഖക്കുരു അടക്കമുള്ള ചർമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായം ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ വ്യക്തവും മൃദുത്വമുള്ളതുമാക്കി മാറ്റിയെടുക്കാൻ സഹായിക്കും. 2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ റോസ് വാട്ടർ 2 ടേബിൾസ്പൂൺ മുൾൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നേർത്തെ പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. മാസ്ക് മുഖത്തിരുന്ന് വരണ്ടുണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. തുടർന്ന് ഏതെങ്കിലും നല്ല മോയ്‌സ്ചുറൈസർ ഉപയോഗിക്കുകയും ചെയ്യാം
മഞ്ഞൾ ഓട്സ് ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ പണ്ടുമുതലേ ഉയർന്ന സ്ഥാനമുണ്ട് മഞ്ഞളിന്. ചർമത്തിന് സ്വാഭാവിക തിളക്കം പകരാൻ ഇതിനേക്കാൾ നല്ല മറ്റൊരു ചേരുവ ഇല്ലെന്നാണ് ആയുർവേദം ശുപാർശ ചെയ്യുന്നത്. മുഖക്കുരു ഉണ്ടാകുന്നത് തടയാനും അതുമൂലമുള്ള പാടുകൾ അകറ്റാനും മഞ്ഞളിനോടൊപ്പം ഓട്സും ചേർത്ത് തയ്യാറാക്കുന്ന ഫേസ്പാക്ക് ഫലപ്രദമാണ്.
ഈ പായ്ക്ക് തയ്യാറാക്കാനായി 2 ടേബിൾസ്പൂൺ ഓട്സും ഒന്നോ രണ്ടോ നുള്ള് മഞ്ഞളും റോസ് വാട്ടറും ആവശ്യമാണ്. ചേരുവകളെല്ലാം കൂട്ടി കലർത്തി നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഒന്നോ രണ്ടോ മിനിറ്റ് സൗമ്യമായി മുഖത്ത് സ്‌ക്രബ് ചെയ്യുക. 10 മിനിറ്റ് നേരം ഇത് മുഖത്ത് സൂക്ഷിച്ച ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മഞ്ഞൾ പോലെ നിങ്ങളുടെ മുഖം തിളങ്ങുന്നത് നിങ്ങൾക്ക് തിരിച്ചറിയാം.