കോട്ടയം : എൻഎസ്എസിന്റെ മാനസപുത്രനായി രമേശ് ചെന്നിത്തല വീണ്ടും മന്നം ജയന്തിയിൽ മുഖ്യാതിഥിയായി എത്തുന്നു. മന്നംജയന്തി ആഘോഷത്തിലേക്ക് എൻഎസ്എസ് രമേശിനെ വീണ്ടും ക്ഷണിക്കുമ്പോൾ യുഡിഎഫിലെ പ്രിയപ്പെട്ടവൻ എന്ന വിശേഷണം ചാർത്തപ്പെടുകയാണ്.തിണ്ണ നിരങ്ങൽ പ്രയോഗത്തെ തുടർന്ന് സുകുമാരൻ നായരുടെ കടുത്ത വിമർശനത്തിനിടയായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോഴും പടിക്കുപുറത്ത് തന്നെ.
മന്നംജയന്തിയുടെ വേദിയിലേക്ക് ഇടതുമുന്നണി നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ല.അതേസമയം യുഡിഎഫിലെ കേരള കോൺഗ്രസിന്റെ എംപി ഫ്രാൻസിസ് ജോർജ് രമേശനൊപ്പം വേദിയിൽ എത്തുന്നു.സമദൂരത്തിനിടയിലും എൻഎസ്എസ് കേരളത്തിൽ കണ്ടെത്തുന്ന രാഷ്ട്രീയ ദൂരമാണിത് എന്നു വ്യക്തം.
ഒരു പതിറ്റാണ്ടിന് ശേഷമാണ് എൻഎസ്എസ് രമേശ് ചെന്നിത്തലയെ സംഘടനയുടെ സുപ്രധാന ചടങ്ങിൽ ആദരിക്കുന്നത്. താക്കോൽ സ്ഥാനത്ത് സമുദായ സംഘടനയുടെ ആൾ വേണമെന്ന പ്രസ്താവനയെ തുടർന്ന് എൻഎസ്എസും രമേശുമായി പരസ്യമായി വിയോജിപ്പിലായിരുന്നു.ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി പദം ലഭിച്ചു എങ്കിലും അത് എൻഎസ്എസ് അക്കൗണ്ടിലാക്കാൻ’ രമേശ് വിസമ്മതിച്ചു.ഇതോടെയാണ് നേതൃത്വവുമായി അകന്നത്.
യുഡിഎഫ് ഭരണകാലത്ത് യുഡിഎഫിനെ വരച്ച വരയിൽ നിർത്താൻ ‘എൻഎസ്എസിന് കഴിഞ്ഞിരുന്നു. സർക്കാരിനെതിരെ നിരന്തര പരസ്യപ്രസ്താവനങ്ങളായിരുന്നു.എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയതോടെ എൻഎസ്എസ് ഒതുങ്ങി.മുഖ്യമന്ത്രിയെ കാണാൻ സുകുമാരൻ നായർ നാട്ടകം ഗസ്റ്റ് ഹൗസിൽ മണിക്കൂറുകളോളം കാത്തിരുന്നത് വാർത്തയായിരുന്നു.
കോൺഗ്രസ് സംഘടന ഇലക്ഷനിലേക്കും പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും നീങ്ങുമ്പോൾ എൻഎസ്എസ് നൽകുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ്.രമേശ് ചെന്നിത്തല തങ്ങളുടെ പ്രിയപ്പെട്ട നേതാവ്. എൻഎസ്എസ് ഹിന്ദു കോളജിൽ പഠിച്ച് കെഎസ്‌യു നേതാവായി വളർന്ന രമേശിനെ സംബന്ധിച്ചിടത്തോളം ‘ഇത് അനുഗ്രഹമാണ്.പ്രത്യേകിച്ചും മഹാരാഷ്ട്ര ഇലക്ഷനിൽ കോൺഗ്രസ് മുന്നണി പരാജയപ്പെട്ടതോടെ ഇലക്ഷൻ ചുമതല വഹിച്ച രമേശ് തീർത്തും പ്രതിരോധത്തിലാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ് സർക്കാർ രൂപികരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രമേശ് കേരളത്തിലെ അടുത്ത മുഖൃമന്ത്രി എന്ന നിലയിലേക്ക് ഗ്രാഫ് ഉയർന്നേനെ.
ഈ ഘട്ടത്തിൽ ലഭിച്ച ഒരു പിടി വള്ളിയാണ് എൻഎസ്എസ് ആസ്ഥാനത്തെ ക്ഷണം.
ഇതിനിടയിൽ സ്വന്തം സമുദായ അംഗമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എൻഎസ്എസ് നേതൃത്വം മന്നം ജയന്തി സമ്മേളനത്തിൽ വേദി നല്കാത്തത് ബിജെപിക്കും ആഘാതമായി.