തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തളിപ്പറഞ്ഞിട്ടും മറിയക്കുട്ടിയെ ന്യായീകരിച്ച് ധനമന്ത്രി ബാലഗോപാലിന്റെ എപിഎസ് നൃപൻദാസ്. മന്ത്രിസഭാ അഴിച്ചുപണിയിൽ ബാലഗോപാലിന്റെ ധനമന്ത്രി സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് നൃപൻദാസിന്റെ പോസ്റ്റ്.
തുടർച്ചയായ രണ്ട് ഇടത് സർക്കാരുകൾ കേരളത്തിൽ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകമായാണ് മറിയക്കുട്ടി ചേട്ടത്തിയെ നാം കാണേണ്ടത്. 600 രൂപ ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ അതൊരു പ്രശ്നമാകാതിരുന്നത് ഇത് തങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ജനങ്ങളിൽ ഇല്ലാതിരുന്നതുകൊണ്ടാണ്. പാവങ്ങളുടെ കൂരയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലാത്ത സർക്കാരുകളുടെ കാലത്ത് ഇതൊന്നും ഒരു പ്രശ്നമേ ആകുന്നില്ലായെന്നും നൃപൻദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണരൂപം
തുടർച്ചയായ രണ്ട് ഇടത് സർക്കാരുകൾ കേരളത്തിൽ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകമായാണ് മറിയക്കുട്ടി ചേട്ടത്തിയെ നാം കാണേണ്ടത്. ക്ഷേമ പെൻഷനും ലൈഫ് പദ്ധതിയിലെ വീടും നിലവാരമുള്ള സർക്കാർ സ്കൂളുകളും സൗജന്യ ചികിത്സയും വിലവർദ്ധനവില്ലാതെ ലഭിക്കുന്ന അവശ്യസാധനങ്ങളും തങ്ങളുടെ അവകാശമാണ് എന്നു മനസ്സിലാക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു.
600 രൂപ ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ അതൊരു പ്രശ്നമാകാതിരുന്നത് ഇത് തങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ജനങ്ങളിൽ ഇല്ലാതിരുന്നതുകൊണ്ടാണ്. സർക്കാർ തങ്ങളുടെതാണ് എന്ന തോന്നൽ ജനങ്ങളിൽ എത്തുമ്പോഴാണ് ആ സർക്കാർ ജനങ്ങളുടെ സർക്കാരായി മാറുന്നത്. അതുകൊണ്ടാണ് രണ്ടുമാസമോ മൂന്നുമാസമോ ക്ഷേമപെൻഷൻ വൈകിയാൽ പോലും ആളുകൾ പ്രശ്നമുണ്ടാക്കുന്നത്. നാലുലക്ഷം അടച്ചുറപ്പുള്ള വീടുകൾ വച്ചുനൽകിയവരെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു വീടിന്റെ രണ്ടാം ഗഡു സഹായം ഒരുമാസം വൈകിയാൽ അത് വാർത്തയാകുന്നത്. പാവങ്ങളുടെ കൂരയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലാത്ത സർക്കാരുകളുടെ കാലത്ത് ഇതൊന്നും ഒരു പ്രശ്നമേ ആകുന്നില്ല.
ഏഴരവർഷമായി 13 നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതിരുന്നപ്പോൾ അതു വാർത്തയാകുന്നില്ലെങ്കിലും വിലകൾ പരിഷ്കരിക്കേണ്ട സമയമാകുന്നു എന്നു പറഞ്ഞപ്പോൾ അതിന് വാർത്താമൂല്യം ഉണ്ടാകുന്നു. ഓരോ മാസവും സാധനങ്ങൾക്ക് വില കൂടിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ സർക്കാരിന് നേരിടേണ്ടി വന്നതിനേക്കാൾ ചോദ്യങ്ങൾ ഇപ്പോഴത്തെ സർക്കാറിന് നേരിടേണ്ടി വരുന്നു.
സ്കൂളുകൾ അടച്ചുപൂട്ടിയിരുന്ന ഒരു കാലത്തിൽ നിന്നും വ്യത്യസ്തമായി ലക്ഷക്കണക്കിന് കുട്ടികളെ സർക്കാർ സ്കൂളിലേക്ക് എത്തിച്ചതും, 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ വീതം സൗജന്യ ചികിത്സ നൽകുന്നതും ഈ സർക്കാരാണ്.
കണ്ണെത്താവുന്ന എല്ലാ മേഖലകളിലും സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റും നീതി ആയോഗും വിവിധ ഏജൻസികളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവിടുന്ന റിപ്പോർട്ടുകളും കണക്കുകളും നോക്കൂ, ജീവിതനിലവാരത്തിലും ക്ഷേമപ്രവർത്തനങ്ങളിലും രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളമാണ് ബഹുദൂരം മുന്നിൽ.
രാഷ്ട്രീയ യജമാനന്മാർ വിലക്കെടുത്തിട്ടുള്ള ഒരു കൂട്ടം മാധ്യമങ്ങളെ വെറുതെ വിട്ടേക്കൂ, അവകാശബോധമുള്ള പൗരന്മാരെ കണ്ടും കേട്ടും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ഈ സർക്കാർ ഏറ്റെടുത്തിരിക്കുന്ന അസാധാരണമായ ദൗത്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ കഴിയും.