തിരുവനന്തപുരം: ചാനൽ ചർച്ചയിൽ കെ എം മാണിക്ക് എതിരെ വിവാദ പരാമർശം നടത്തി വെട്ടിലായി സിപിഎം നേതാവ് നിതിൻ കണിച്ചേരി. Nitin Kanicherry made a controversial remark against KM Mani
യുഡിഎഫ് സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വി.എം സുധീരനും നാടകം കളിച്ച് ബാർകോഴ ഇടപാട് നടത്തിയെന്ന് ചർച്ചയിൽ നിതിൻ കണിച്ചേരി പരാമർശിച്ചിരുന്നു.
ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി നടത്തിയ ഇടപെടലാണ് നിതിൻ കണിചേരിയെ വിവാദത്തിലാക്കിയത്.
ഉമ്മൻചാണ്ടിയും സുധീരനും നാടകം കളിച്ചെങ്കില്‍ കെ.എം മാണി അഴിമതിക്കാരനാണോ അല്ലയോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു അബിൻ വർക്കിയുടെ ചോദ്യം.
ഇതില്‍ വീണ നിതിൻ കണിചേരി, യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാണി അഴിമതി ചെയ്തിട്ടുണ്ട് എന്ന് പരാമർശിക്കുകയായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ഇതെല്ലാം കേള്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് അബിൻ വർക്കി വീണ്ടും ഇടപെട്ടു.
ഇതോടെ അബദ്ധത്തിലായി എന്ന് മനസ്സിലാക്കിയ നിതിൻ കണിച്ചേരി പരാമർശം തിരുത്താൻ ശ്രമിച്ചു. യുഡിഎഫ് സർക്കാരിന്റെ ഭാഗമായിരുന്നപ്പോഴാണ് കെ എം മാണി അഴിമതി നടത്തിയതെന്നായിരുന്നു നിതിൻ കണിച്ചേരിയുടെ തിരുത്ത്.
അതും ഏറ്റുപിടിച്ച അബിൻ വർക്കി , ഘടകകക്ഷി പാർട്ടിയുടെ നേതാവിനെ അഴിമതിക്കാരൻ എന്ന് വിളിച്ചത് ആയുധമാക്കി സദസ്സിലേക്ക് നോക്കി കേരള കോണ്‍ഗ്രസുകാർ ആരെങ്കിലും ഉണ്ടെങ്കില്‍ മറുപടി കൊടുക്കൂ എന്ന് അബിൻ വിളിച്ചുപറഞ്ഞു. അബിൻ വർക്കി സൃഷ്ടിച്ച ബഹളത്തിനിടയില്‍ നിലപാട് സ്പഷ്ടമാക്കാൻ നിതിന് കഴിഞ്ഞതുമില്ല.
സംഭവത്തില്‍ നിതിൻ പിന്നീട് ഖേദം പ്രകടിപ്പിച്ചു എങ്കിലും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷം സംഭവത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് കേരളാ കോണ്‍ഗ്രസ് തീരുമാനം.