തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവ് അഭിജിത്ത് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തു. അതേസമയം രണ്ട് വർഷമായി അഭിജിത്തും ഇന്ദുജയും പ്രണയത്തിലായിരുന്നു.മൂന്നു മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ താലി ചാർത്തിയശേഷം ഒന്നിച്ച് താമസിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)