ഗാസ സിറ്റി:ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രണ്ട് കുഞ്ഞുങ്ങൾ മരിച്ചെന്നും, കൂടുതൽ പേരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു. അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിയിലുള്ള 43 നവജാതശിശുക്കളേയും രോഗികളേയും മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ സഹകരിക്കാമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.ഇവിടെ അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് ശിശുക്കള്‍ ശനിയാഴ്ച മരിച്ചിരുന്നു. വൈദ്യുതി വിതരണം നിലച്ചതും ഇന്ധനം തീര്‍ന്നതുമാണ് ഇന്‍ക്യുബേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്.
യുദ്ധം ശക്തമായി തുടരുന്നതിനാല്‍ ഇവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഓരോ പത്ത് മിനിട്ടിലും ഗാസയില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ശനിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഗാസ ഭൂമിയിലെ നരകമായി മാറിക്കഴിഞ്ഞെന്നും യുഎന്നിന്‍റെ മാനുഷിക വിഭാഗ കാര്യാലയം വ്യക്തമാക്കിയിരുന്നു.
കുഞ്ഞുങ്ങളോടുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും ഗാസയില്‍ 134 കുട്ടികള്‍ മരിച്ചുവീഴുന്നുണ്ടെന്നും ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിലെ നാല്‍പത് ശതമാനവും കുട്ടികളാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ഹമാസ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്നത് കിന്‍ഡര്‍ഗാര്‍ട്ടനിലെന്ന് ഇസ്രയേല്‍. ഗാസ മുനമ്ബില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കിന്‍ഡര്‍ഗാര്‍ട്ടനില്‍ നിന്നു കണ്ടെടുത്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇവിടെ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുന്നതിന്‍റെ വീഡിയോ ഇസ്രയേല്‍ സൈന്യം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. കിന്‍ഡര്‍ഗാര്‍ട്ടനോട് ചേര്‍ന്ന് ഭൂഗര്‍ഭ അറയിലേക്കുള്ള പാതകളും സൈന്യം കണ്ടെത്തി.
അതേസമയം, ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ നിരസിച്ച ഇസ്രായേല്‍, ഹമാസിനെ നശിപ്പിക്കുന്നത് വരെ തങ്ങളുടെ ശ്രമം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.