Saturday, January 25, 2025
spot_imgspot_img
HomeNewsപുതിയ കര്‍ദ്ദിനാളുമാരുടെ വസ്ത്രങ്ങള്‍ തയാര്‍; പതിവ് തെറ്റിക്കാതെ റോമിലെ പുരാതന തയ്യല്‍ക്കട

പുതിയ കര്‍ദ്ദിനാളുമാരുടെ വസ്ത്രങ്ങള്‍ തയാര്‍; പതിവ് തെറ്റിക്കാതെ റോമിലെ പുരാതന തയ്യല്‍ക്കട

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ നാമനിര്‍ദ്ദേശം ചെയ്ത 21 പേര്‍ നാളെ ഡിസംബര്‍ 7ന് നടക്കുന്ന ചടങ്ങില്‍ (കണ്‍സിസ്റ്ററി) വെച്ച് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനിരിക്കെ റോമിലെ ഏറ്റവും പുരാതനമായ തയ്യല്‍ക്കടയായ ഗാമറെല്ലി ടെയ്ലര്‍ ഷോപ്പ് വാര്‍ത്തകളില്‍ ഇടം നേടുന്നു. പുതു കര്‍ദ്ദിനാളുമാരുടെ ചടങ്ങിനുള്ള ഔദ്യോഗിക വസ്ത്രം തയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിന്നു ഗാമറെല്ലി. ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ തങ്ങളുടെ കടയുടെ പ്രദര്‍ശന ജാലകം പരമ്പരാഗത കര്‍ദ്ദിനാള്‍ വസ്ത്രങ്ങളാല്‍ ക്രമീകരിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ലോറന്‍സോയും, മാസിമിലിയാനോയും ചേര്‍ന്നാണ് നിലവില്‍ ഷോപ്പ് നടത്തുന്നത്.

1798-ല്‍ റോമന്‍ വൈദികരുടെ തയ്യല്‍ക്കാരനായിരുന്ന ജിയോവന്നി അന്റോണിയോ ‘ഗാമറെല്ലി’ ആരംഭിച്ച നാള്‍ മുതല്‍ ആയിരകണക്കിന് വൈദികര്‍ക്കും, മെത്രാന്മാര്‍ക്കും, കര്‍ദ്ദിനാളുമാര്‍ക്കും വേണ്ട സഭാവസ്ത്രങ്ങള്‍ തയ്യല്‍ പണിയെടുത്ത് നല്‍കുന്ന സ്ഥാപനമാണിത്. പയസ് VI, പയസ് VII, ലിയോ XII, പയസ് VIII, ഗ്രിഗറി XVI, പയസ് IX, ലിയോ XIII, പയസ് X, ബെനഡിക്റ്റ് XV, പയസ് XI, പയസ് XII, ജോൺ XXIII, പോൾ VI, ജോൺ പോൾ I, ജോൺ പോൾ II, ബെനഡിക്റ്റ് XVI ഉള്‍പ്പെടെയുള്ള പാപ്പമാരുടെ വസ്ത്രങ്ങളും ഇവരാണ് തയ്ച്ചത്. ഏറ്റവും ഒടുവിലായി പത്രോസിന്റെ പിന്‍ഗാമിയായുള്ള കടയുടെ ഉപയോക്താവാണ് ഫ്രാന്‍സിസ് പാപ്പ. പാപ്പയുടെ വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ സെക്രട്ടറിമാര്‍ വഴി ഇവര്‍ക്കാണ് ലഭിക്കുന്നത്. തയ്യാറാക്കിയ വസ്ത്രങ്ങള്‍ ഒരാഴ്ചക്കകം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

നാളെ ഡിസംബര്‍ 7-ലെ ചടങ്ങില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ ആദ്യമായി കടുംചുവപ്പ് നിറത്തിലുള കസോക്കും തൊപ്പിയും ധരിക്കും. ഈ ചുവപ്പ് കാസോക്ക് പ്രധാനപ്പെട്ട ആരാധനാ ശുശ്രൂഷകളിലും, ചടങ്ങുകളിലുമാണ് ധരിക്കുക. നാളത്തെ ചടങ്ങില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാള്‍മാര്‍ക്ക് ചതുരത്തിലുള്ള ചുവന്ന തൊപ്പിയും, മോതിരവും നല്‍കുക. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പുതിയ കര്‍ദ്ദിനാളുമാര്‍ നല്‍കിയ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഗാമറെല്ലി. വിശുദ്ധ വസ്ത്രങ്ങള്‍ ഒരുക്കുന്നതിനായി കഴിവുള്ള തയ്യല്‍ക്കാരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നും എളുപ്പമല്ലെങ്കിലും തങ്ങളാല്‍ കഴിയുന്നിടത്തോളം ഞങ്ങള്‍ മനോഹരമായ ഈ പാരമ്പര്യം തുടരുമെന്നും ഗാമറെല്ലി വ്യക്തമാക്കുന്നു.

കടയുടെ പ്രദര്‍ശന ജാലകത്തില്‍ മാര്‍പാപ്പ ധരിക്കുന്ന ഒരു വെളുത്ത തൊപ്പി എപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പാപ്പയെ കാണുമ്പോള്‍ അദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പി കരസ്ഥമാക്കുവാന്‍ പുതിയ തൊപ്പി നല്‍കി കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളെ സമീപിക്കാറുണ്ടെന്നും ഗാമറെല്ലി പറയുന്നു. 2000-ലാണ് ഈ ഷോപ്പ് റോമിലെ ചരിത്രപരമായ കടകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. റോമിലെ സ്ഥാപകന്റെ പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന ഏറ്റവും പുരാതനമായ കടയും ഇതായിരിക്കുമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments