കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. Naveen Babu’s wife says she has faith in the police investigation
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് കണ്ണൂര്‍ കണ്ണപുരത്ത് വെച്ചാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളില്‍ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകിയതെന്നും കമ്മീഷണര്‍ പ്രതികരിച്ചു.
പൊലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം തള്ളിയതെന്നും കമ്മീഷണര്‍ പറഞ്ഞു. പി പി ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് ഉടന്‍ നീങ്ങുമെന്നാണ് വിവരം.
ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.