ചെന്നൈ : തമിഴ്നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്.Mysuru-Darbhanga Express collides with goods train- updates
ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. 13 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചു.
യാത്രക്കാരെ അപകടത്തിനു ശേഷം സുരക്ഷിതമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. പുലർച്ച 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്നലെയും ഇന്നുമായി 28 ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു.