കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു. രോഗബാധിതരായി ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്.
ഒക്ടോബർ 24 മുതൽ ഡിസംബർ 5 വരെ 406 കേസുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി. മരണസംഖ്യ ഉയരുന്നതിലും അധികൃതർ ആശങ്ക അറിയിച്ചു. ഇതിനോടകം 31 പേർ മരിച്ചു. ക്വാൻഗോ പ്രവിശ്യയിലെ പാൻസി മേഖലയിലാണ് രോഗവ്യാപനം കൂടുതലെന്നും റിപ്പോർട്ടുകൾ ഉണ്ട്. പനി, ചുമ, തലവേദന, ജലദോഷം, ശരീര വേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കുട്ടികളെയും പോഷകാഹാരക്കുറവുള്ളവരെയുമാണ് രോഗം തീവ്രമായി ബാധിക്കുന്നത്. കോംഗോയിലെത്തിയ ഡബ്ല്യു.എച്ച്.ഒ സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.
രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഒരു വിദഗ്ധ വൈദ്യസംഘത്തെ ലോകാരോഗ്യ സംഘടന കോംഗോയിലേക്ക് അയച്ചിരിക്കുകയാണ്. തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യസംഘടന ഈ രോഗത്തെ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ നയിക്കുന്നത് ഡിസീസ് എക്‌സിലേക്കാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൊന്നായ ക്വാന്‍ഗോയില്‍ തലവേദയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിത്സതേടിയെത്തിയത് 406 പേരാണ്. അതില്‍ 31 പേര്‍ വ്യത്യസ്ത ദിവസങ്ങളിലായി മരണമടയുകയായിരുന്നു.
രോഗബാധിത പ്രദേശങ്ങളുടെ നിലവിലെ സാഹചര്യവും രോഗം പടരുന്ന അവസ്ഥയും കണക്കിലെടുത്തുകൊണ്ട് സംശയിക്കപ്പെടുന്നതായ അനവധി രോഗങ്ങള്‍ ലാബ് ടെസ്റ്റുകളിലൂടെയും കൂടുതല്‍ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.