Saturday, February 15, 2025
spot_imgspot_img
HomeNewsജി സുധാകരന്‍ നീതിമാനായ മന്ത്രിയെന്ന് സതീശൻ,പകുതി മനസ്സ് ബിജെപിയുടേതെന്ന് ഗോപാലകൃഷ്ണന്‍;സുധാകരന് വേണ്ടി വട്ടമിട്ട് ബിജെപിയും...

ജി സുധാകരന്‍ നീതിമാനായ മന്ത്രിയെന്ന് സതീശൻ,പകുതി മനസ്സ് ബിജെപിയുടേതെന്ന് ഗോപാലകൃഷ്ണന്‍;സുധാകരന് വേണ്ടി വട്ടമിട്ട് ബിജെപിയും കോണ്‍ഗ്രസ്സും,നീക്കം മറികടക്കാൻ സിപിഎം,അർഹിക്കുന്ന ആദരവ് നൽകണമെന്ന് ഗോവിന്ദൻ

ആലപ്പുഴ: പാര്‍ട്ടിയുടെ അവഗണന നേരിട്ട് വീട്ടിലിരിക്കേണ്ടി വന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരന് വേണ്ടി വട്ടമിട്ടിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസ്സും. എന്നാല്‍ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് സുധാകരനെ അടുപ്പിക്കാനുള്ള നീക്കം നടത്തുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.MV Govindan wants to give Sudhakaran the respect he deserves

സുധാകരന് അർഹിക്കുന്ന ആദരവ് നൽകണമെന്ന് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നിർദേശം നൽകി. ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇടപെടൽ. നീതിമാനായ മന്ത്രിയെന്ന് സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നു. സുധാകരൻ സാധാരണ അംഗം ആയതിനാലാണ് അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കിപ്പിക്കാതിരുന്നതെന്നും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പൊതുസമ്മേളനത്തിൽ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്.

എന്നാൽ ഒരു മുതിർന്ന അംഗത്തെ ഇങ്ങനെ വിശേഷിപ്പിക്കരുതെന്നും അവർക്ക് അർഹിക്കുന്ന ആദരവ് നൽകണമെന്നുമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളെ എം.വി ഗോവിന്ദൻ നേരിട്ട് വിളിച്ചു.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനങ്ങളിൽ നിന്ന് മാറിയവരെ അതെ നിലയിൽ ആദരിക്കണമെന്നും ഇക്കാര്യത്തിൽ പൊതു സമീപനത്തെ കുറിച്ച് ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

മന്ത്രിസ്ഥാനത്തിരുന്നപ്പോൾ നീതി പൂർവമായി ഇടപെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിനു കെ.സി വേണുഗോപാലുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം പ്രമുഖ വ്യക്തികളെ കണ്ട് ആദരിക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് ജി. സുധാകരനെ കണ്ടതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

സുധാകരനെ അടര്‍ത്തിയെടുക്കാന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ടെന്ന സൂചനയാണ് കുറച്ചു ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങി.

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് രംഗത്തുവന്നത്. സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി.സുധാകരന്‍. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ല. തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ഞങ്ങള്‍ സംസാരിച്ചു. എല്ലാം സുധാകരന്‍ മൗനമായി കേട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ തളിപ്പറമ്ബില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തിലാണ് സുധാകരനെ കണ്ടെന്ന് ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

അതേസമയം സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റാണെന്നും ആരെങ്കലും  വീട്ടിൽ ചെന്നത്കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു. സിപിഎം ഒരു കേഡർ പാർട്ടിയാണ്, താഴെ തട്ട് മുതൽ ചർച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാർട്ടിയുടെ കരുത്താണ്. കോൺഗ്രസ് അകത്തുള്ള പ്രശങ്ങൾ ആദ്യം പരിഹരിക്കണം. വീട്ടിൽ ഉള്ളവർ തങ്ങൾക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോൾ പുറത്തുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ പോവുകയാണ് കോൺഗ്രസെന്നും കെവി തോമസ് പരിഹസിച്ചു.

അതേസമയം വേണുഗോപാലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ജി. സുധാകരന്‍ വിശദീകരിച്ചു. തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ വന്നതാണ്. സ്വാഭാവിക സന്ദര്‍ശനമാണ്. വളരെക്കാലമായി രാഷ്ട്രീയത്തിലുള്ള ആളല്ലേ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ.

എനിക്കെന്തിനാണ് അസംതൃപ്തി? പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കുമെല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു. എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റുന്നതല്ല എന്നേ അതിനര്‍ഥമുള്ളൂവെന്നും, ജി. സുധാകരന്‍ പ്രതികരിച്ചു.

ഇതിനിടെ ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്മാറി. സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു.

സിപിഐഎം വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജി സുധാകരന്‍ ഇന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ജി സുധാകരന്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments