കോഴിക്കോട്: സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം.
കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ പി എ മജീദ്, എം കെ മുനീർ, കെ എം ഷാജി എന്നിവർ ലീഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.
നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.
ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകള്‍ക്കുശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തില്‍ നേതാക്കളെത്തുകയായിരുന്നു.