Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളില്‍ സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അർജുനും

ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളില്‍ സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അർജുനും

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവറും. തൃശ്ശൂർ സ്വദേശിയാണ് പിടിയിലായ അർജുൻ. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു.Musician Balabhaskar’s driver is among the accused in the gold theft case

പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു.അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി തെളിവുണ്ട്.

പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റില്‍ ഇരുന്നതിനാലാണെന്നായിരുന്നു ഫോറൻസിക് പരിശോധനാ ഫലം.

ബാലഭാസ്‌കർ പിൻസീറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തില്‍ കണ്ടെത്തി. അപകടമുണ്ടായപ്പോള്‍ കാർ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ താൻ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.

ആറുവർഷമായിട്ടും ബാലുവിന്റെ മരണത്തിന് പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്‌, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവു നേടി. തുടക്കത്തില്‍ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.

ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരും സ്വർണക്കടത്തു കേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടായതും, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാംസംഘം.

ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കള്‍ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല.

ഡി.ആർ.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവർ അർജ്ജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തില്‍ ഒട്ടേറെ പാളിച്ചകള്‍ ഉള്ളതിനാല്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോർജ്ജ് എന്നിവരുടെ ഹർജികളിലാണ് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്.

എന്നാല്‍, തന്റെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് ബാലഭാസ്‌കറിന്റെ അമ്മയും അച്ഛനും ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇതേ അർജുൻ കേസ് നല്‍കിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments