കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍ സഹകരണവകുപ്പ് നിര്‍മ്മിച്ച അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഈ മാസം 26-ന് ഉച്ചക്ക് 3 മണിക്ക് നാട്ടകം ഇന്ത്യാപ്രസ്സ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
മന്ത്രി വി. എന്‍. വാസവന്റെ അദ്ധ്യക്ഷത വഹിക്കും.
മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വ്വഹിക്കും.
യോഗത്തിൽ സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും.
ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരികമ്യൂസിയമാണ് കോട്ടയം നാട്ടകത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തീയേറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.
നാലു ഘട്ടങ്ങളിലായാണ് അക്ഷരം മ്യൂസിയത്തിന്റെ നിർമാണം പൂര്‍ത്തിയാക്കുന്നത് ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്.
4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക‍്‍ഷന്‍, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.