പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്ബിയിലാണ് സംഭവം. തൃത്താല കണ്ണന്നൂരിലെ കരിമ്ബനക്കടവ് വച്ചാണ് ആക്രമണം. ഓങ്ങല്ലൂര്‍ കൊണ്ടുര്‍ക്കര സ്വദേശി അൻസാറാണ് മരിച്ചത്.
പട്ടാമ്ബി തൃത്താല റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
പിന്നാലെ പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ കരിമ്ബനക്കടവില്‍ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്‌ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടെ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു യുവാവ്. വിദഗ്ദ്ധ ചികിത്സയ്ക്ക് മുൻപ് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു.
അതേസമയം, കരിമ്ബനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തിക്കൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം.