കോഴിക്കോട്: നാടുകാണി ചുരത്തില്‍ നിന്നും സൈനബയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) യുടെ മൃതദേഹമാണ് പോലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദിനെ (52) കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യ ചെയ്തപ്പോഴാണ് സൈനബയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്.
നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാടുകാണി ചുരത്തിലെത്തി തിരച്ചില്‍ നടത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തിയത്.