റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രങ്ങളും സെലിബ്രിറ്റികളെ ആരാധിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ചുമെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ ക്ഷേത്രങ്ങളിൽ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമാണ് ആലപ്പുഴ ജില്ലയിലെ തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. munch murukan temple

ബാലമുരുകനായി മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോകത്തിന് കുറച്ചുകൂടി പരിചയം മഞ്ച് മുരുകന്‍റെ ക്ഷേത്രം (മഞ്ച് മുരുകൻ) എന്ന പേരിലാണ്. അതെങ്ങനെയെന്നല്ലേ?

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ പല വഴിപാടുകളും നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടാക്കിയ ഒരു ക്ഷേത്രത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്. ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ഒരു പ്രസാദമായി ലഭിക്കുന്നത്. തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുക ക്ഷേത്രമാണ് തലവടിയിലേത്. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട.
ഏകദേശം മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. കാലങ്ങൾക്കു മുൻപ് ഈ പ്രദേശത്തു വസിച്ചിരുന്ന ഒരാൾ സ്ഥിരമായി മുരുകനെ കാണുവാൻ പഴനിക്ക് പോകുനായിരുന്നുവത്രെ. എന്നാൽ പ്രായാധിക്യം മൂലം പിന്നീട് പോകുവാന്‍ സാധിക്കാതെ, മുരുകനെ കാണുവാൻ കഴിയാതെ വന്നത് അദ്ദേഹത്തിന് വളരെ വിഷമമുണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റ പ്രാർത്ഥന കേട്ട മുരുകൻ ആ പ്രദേശത്ത് ഒരു ക്ഷേത്രം പണിയുവാനും താനവിടെ വന്നിരിക്കുമെന്നും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നും മുരുകനെ പ്രതിഷ്ഠിച്ചതെന്നുമാണ് പ്രദേശത്തെ വിശ്വാസം.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ക്ഷേത്രം ലോകപ്രസിദ്ധി നേടിയിരിക്കുന്നത് ഇവിടുത്തെ മഞ്ച് വഴിപാടിൻറെ പേരിലാണ്. അരവണ പായസവും പൂമാലയുമെല്ലാം വഴിപാടായുള്ള ക്ഷേത്രങ്ങളിൽ നിന്നും തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ മഞ്ച് വഴിപാടാണ്

പതിറ്റാണ്ടുകളോളം സാധാരണ മുരുക ക്ഷേത്രമായിരുന്ന തലവഴി ക്ഷേത്രം, ഒരു നാൾ വളരെ അവിചാരിതമായിട്ടാണ് മഞ്ച് മുരുകന്റെ ക്ഷേത്രമാകുന്നത്. മഞ്ച് ചോക്ലേറ്റ് നമ്മൾ ഉപയോഗിക്കുവാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമാകാത്തതുകൊണ്ടുതന്നെ ഈ വഴിപാട് ക്ഷേത്രത്തിൽ വന്നിട്ടും ഒരുപാട് വർഷങ്ങളായിട്ടില്ല.

എപ്പോഴോ ഇവിടെയത്തിയ രണ്ടര മൂന്ന് വയസുള്ള ഒരുകുട്ടി തന്‍റെ കയ്യിലിരുന്ന മഞ്ച് മുരുകൻറെ നടയ്ക്കൽ സമർപ്പിച്ചുവത്രെ. പിന്നീട് നോക്കിയപ്പോൾ ആ മഞ്ച് അവിടെ കണ്ടില്ലെന്നതുമാണ് ഇവിടുത്തെ വിശ്വാസത്തിൻറെ തുടക്കം. പിന്നീട് ആളുകൾ വ്യാപകമായി മഞ്ച് മുരുകന് സമർപ്പിക്കുന്നത് പതിവായി. കുട്ടികൾക്കൊപ്പം മുതിർന്നവരും മുരുകന് മഞ്ച് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, ജില്ലയിലെ അതിര്‍ത്തിവിട്ടും ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് ക്ഷേത്രം ഭരണാധികാരികള്‍ അവകാശപ്പെടുന്നു. ചോക്ലേറ്റ് മാലയും ക്ഷേത്രത്തില്‍ പതിവാണ്. എ്ന്നാല്‍ മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല എന്നത് കൗതുകമുണര്‍ത്തുന്നു. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക.

എന്തായാലും ഇപ്പോൾ ഒരു ദിവസം പതിനായിരത്തോളം മഞ്ച് ക്ഷേത്രത്തിലെത്താറുണ്ടത്രെ. മഞ്ച് സമർപ്പിച്ച് ആഗ്രഹപൂർത്തീകരണം വന്ന കഥകൾ ധാരാളം ഇവിടെ വിശ്വാസികൾക്ക് പറയുവാനുണ്ട്. അന്ന് തുടങ്ങിയ ഈ ആചാരം ഇന്നും ഇവിടുള്ളവര് പിന്തുടർന്നു പോകുന്നു