കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം.munabam vaqaf land issue suprabhatham news paper article
ഇക്കാര്യത്തിൽ ഭൂമി വിട്ടു നൽകി സമവായമാകാമെന്ന മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളുകയാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനം. മത സംഘടനകൾ വർഗീയ പ്രചാരണം നടത്തരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. മുനമ്പം ഭൂമി കാര്യത്തിൽ മുസ്ലിം സംഘടനകളുടെ ഏകോപനസമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്തിപ്പെടുത്താൻ അങ്ങനെ ഭൂമി വിട്ടുകൊടുക്കാൻ ആകില്ല.
രാഷ്ട്രീയപാർട്ടികൾ അല്ല, മത പണ്ഡിതരാണ് ഇതിൽ അഭിപ്രായം പറയേണ്ടത്- തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഭൂമി കാര്യത്തിൽ ഫാറൂഖ് കോളേജിൻ്റെ നിലപാടിനെയും ലേഖനം വിമർശിക്കുന്നു. മറ്റു മുസ്ലിം സംഘടനകൾ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ് സമസ്ത മുഖപ്രസംഗത്തിലെ ഈ ലേഖനം.
സമസ്ത നിലപാട് പറയേണ്ടത് സമസ്ത നേതാക്കളാണ്. പത്രത്തിൽ വരുന്നത് സമസ്ത നിലപാടല്ലെന്ന് സമസ്ത പ്രസിഡൻ്റ് തന്നെ പറഞ്ഞിട്ടുണ്ടന്നു ലേഖനം എഴുതിയ മുസ്തഫ മുണ്ടുപാറ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുനമ്പം ഭൂമിയെ ചൊല്ലിയുള്ള വിവാദം വർഗീയ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് പൊതുവേ മിതവാദികളായി അറിയപ്പെടുന്ന ഇകെ സുന്നി വിഭാഗത്തിൻറെ മുഖപത്രത്തിലെ ഈ ലേഖനം പുറത്തുവന്നത്.
കഴിഞ്ഞ ദിവസം, മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു. വിഎസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്.
നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്. മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.