തിരുവനന്തപുരം: നാഗർകോവിലില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്ബകവല്ലി ഇന്നലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത് ചെമ്ബകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ്.
തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത് ആറ് മാസം മുൻപായിരുന്നു. സ്വകാര്യ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. സ്ത്രീധനവുമായി ബന്ധപ്പെട്ട് ശ്രുതിയെ ഭർതൃമാതാവ് നിരന്തരം ഉപദ്രവിച്ചിരുന്നു.
ചെമ്ബകവല്ലി ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ നിർബന്ധിച്ചതോടെയാണ് ശ്രുതി ജീവനൊടുക്കിയത്. അതേസമയം ആത്മഹത്യക്ക് മുൻപായി അമ്മയ്ക്ക് ഫോണില്‍ ശ്രുതി ശബ്ദസന്ദേശം അയച്ചിരുന്നു. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നല്‍കിയിരുന്നെന്നാണ് ശ്രുതിയുടെ കുടുംബം പറഞ്ഞത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)