കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്തു വന്നിട്ടും ആരോപണം ആവര്‍ത്തിക്കുകയാണ് പമ്പുടമ ടി വി പ്രശാന്തന്‍.More evidence that the bribery allegations against Kannur ADM Naveen Babu are false
പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തരത്തിലുള്ള മറ്റൊരു തെളിവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നുമാണ് നൽകിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
സ്വര്‍ണം പണയം വെച്ചാണ് കൈക്കൂലി നല്‍കിയതെന്നാണ് പ്രശാന്തന്‍ മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകള്‍ പ്രശാന്തന്‍ പൊലീസിന് കൈമാറി. ആറാം തിയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി കണ്ടു എന്നും അവിടെ നിന്നാണ് കൈക്കൂലി നല്‍കിയത് എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്ന ടൗണ്‍ സിഐയ്ക്കാണ്, കൈക്കൂലി നല്‍കിയതായി പ്രശാന്ത് മൊഴി നല്‍കിയത്. അതേസമയം പ്രശാന്തിന്റെ സാമ്ബത്തിക സ്രോതസ്സ് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ഇലക്‌ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ രൂപമുതല്‍മുടക്ക് ആവശ്യമായ പെട്രോള്‍ പമ്ബ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്നാണ് ചോദ്യം. ആരോഗ്യവകുപ്പ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പെട്രോള്‍ പമ്ബിന് എന്‍ഐസി നല്‍കിയത് നിയമപരമായാണെന്നും ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.
പെട്രോള്‍ പമ്ബ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരായ ആരോപണങ്ങള്‍. എന്നാല്‍, ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും അന്വേഷണത്തില്‍ ലഭിച്ചില്ലെന്നാണ് സൂചന.
അന്വേഷണ സംഘം കണ്ണൂര്‍ കലക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. കലക്ടറുടെ ഔഗ്യോഗിക വസതിയില്‍ എത്തിയാണ് മൊഴി എടുത്തത്. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്നാണ് കണ്ണൂര്‍ കലക്ടര്‍ നല്‍കിയ മൊഴി.
എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. നവീന്‍ ബാബു പെട്രോള്‍ പമ്ബിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ ആരോപിച്ചത്.
എന്നാല്‍, ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഒരു സാക്ഷിയെന്ന നിലയില്‍ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തുമെന്ന് മാത്രമാണ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുകയാണ്. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെയും തയ്യാറായിട്ടില്ല. ദിവ്യ ഒളിവിലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാല്‍ ദിവ്യയെ ഉടന്‍ ചോദ്യം ചെയ്യേണ്ട എന്ന നിലപാടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
അതേസമയം നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.