തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് ശിപാര്‍ശ. ഇവര്‍ ഇതുവരെ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കണമെന്നും നിര്‍ദേശമുണ്ട്.More action on welfare pension fraud
ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലെയും ജീവനക്കാര്‍ക്കെതിരെയും ശിപാര്‍ശ വന്നിരിക്കുന്നത്. ശിപാര്‍ശ നിലവില്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തി തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണ്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.
അതേസമയം, ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അതാത് വകുപ്പുകളോട് നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.
ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്പെൻഷൻ. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീ , കാസർക്കോട് ഓഫീസിലെ അറ്റൻഡൻ്റ് സാജിത കെഎ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം ഓഫീസർ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻ്റ് ചെയ്തത്.
കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേരും. തട്ടിപ്പില്‍ മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഒരു വര്‍ഷമാകുമ്പോള്‍ ഇത് രണ്ടേകാല്‍ കോടി രൂപയാകും.