പാലക്കാട്: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നതെന്ന് എം എം ഹസ്സൻ പറഞ്ഞു.MM Hassan says that UDF will be accepted if EP comes
കുറേക്കാലമായി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചുവെന്നും ഇങ്ങനെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള ഭരണം വന്നില്ല എന്നുള്ളത് നിരന്തരം പറഞ്ഞതാണ്. സരിൻ പാലക്കാട് സ്ഥാനാർത്ഥിയായത് ശരിയോ തെറ്റോ എന്നുള്ളത് കാലം തീരുമാനിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു. ആത്മകഥ അദ്ദേഹത്തിന്റെ അല്ല എന്ന് പറഞ്ഞാൽ ഒരു കാരണവശാലും ജനങ്ങൾ വിശ്വസിക്കില്ല.
അദ്ദേഹത്തിൻറെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. വിപണന തന്ത്രം വിജയിച്ചിരിക്കുകയാണ്. ഇ പിയുടെ ആത്മകഥയ്ക്ക് ഒപ്പം ഒരു ജീവചരിത്രവും എഴുതിയിരിക്കുന്നു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും എം എം ഹസ്സൻ പ്രതികരിച്ചു.
ഇപി വന്നാൽ യുഡിഎഫ് സ്വീകരിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു. കോൺഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടത്. ഇപിയുടെ ആത്മകഥ ആത്മനൊമ്പരങ്ങളുടെ കഥയാണെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.
ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്ന് സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പാലക്കാട് സിപിഐഎം സ്ഥാനാർഥി പി സരിന് വേണ്ടി ഇ പി ജയരാജൻ ഇന്ന് പ്രചാരണത്തിനെത്തും. പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി പാലക്കാട്ടേക്ക് പോകുംവഴി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാലക്കാട് വെച്ച് മാധ്യമങ്ങളെ കാണുമെന്നും ഇപി പറഞ്ഞിട്ടുണ്ട്.
നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും. പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇപിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.