Friday, April 25, 2025
spot_imgspot_img
HomeNewsKerala News'തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല, കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തില്ലെങ്കില്‍...

‘തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല, കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല’; സജി ചെറിയാൻ്റെ പ്രസ്താവന വിവാദമാകുന്നു,കര്‍ഷകരെ അപമാനിച്ചെന്ന് ചെന്നിത്തല

ആലപ്പുഴ: കേരളത്തിലെ കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടില്‍ നിന്ന് വരുമെന്നുമാണ് കൃഷി മന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിയില്‍ സജി ചെറിയാൻ വിവാദ പരാമര്‍ശം നടത്തിയത്.

‘തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാൻ കര്‍ഷകര്‍ തയ്യാറാകുന്നില്ല’- മന്ത്രി പറഞ്ഞു. മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

മന്ത്രി കര്‍ഷകരെ അപമാനിച്ചുവെന്നും സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവിടെ കൃഷി വേണ്ടെങ്കില്‍ പിന്നെ തമിഴ്‌നാട്ടില്‍ പോയി ജീവിച്ചാല്‍ പോരെ. കര്‍ഷകരെ സഹായിക്കുന്നതിനു പകരം മന്ത്രി അവരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇരുമ്ബനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് അവിടെയുള്ള കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന പിൻവലിച്ച്‌ മാപ്പ് പറയണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കര്‍ഷക‌ൻ കട ബാദ്ധ്യതയുടെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാ‌മ‌ര്‍ശം പുറത്തുവന്നിരിക്കുന്നത്.

ഇതാദ്യമായല്ല സജി ചെറിയാൻ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനത്തെത്തിയത്.

ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ചിട്ടുള്ള സാധനമാണെന്നും അതിന്റെ സൈഡില്‍ മതേതരത്വം ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെന്നും ബ്രിട്ടീഷുകാര്‍ എഴുതിവച്ചത് അതേപോലെ പകര്‍ത്തി വച്ചതാണെന്നും പ്രസംഗിച്ചതാണ് മന്ത്രി സജി ചെറിയാന് വിനയായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments