തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്.Minister K Rajan said that Naveen Babu was an honest officer
നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. നവീനിന്റെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ എഡിഎം ചുമതലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റിയത്. ദൌർഭാഗ്യകരമായ സംഭവമാണുണ്ടായത്.
മരണത്തിൽ ഗൌരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല.
അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ അഭിപ്രായപ്പെട്ടു.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനിൽ പോകേണ്ടതായിരുന്നു. സ്ഥലത്തെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് എംഡിഎം ജീവനൊടുക്കിയത്.