തൃശ്ശൂർ: 63 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. തട്ടിപ്പിനിരയായി പണം നഷ്ടമായ തൃശ്ശൂർ പൂങ്കുന്നം സ്വദേശി പരാതിയുമായി പൊലീസിനെ സമീപിച്ചതിനു പിന്നാലെ തൃശൂർ ടൗണ്‍ വെസ്റ്റ് പൊലീസാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്
63 വയസുകാരനുമായി രണ്ട് വർഷം മുമ്ബാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ പരിചയത്തിലായത്. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു. കുറേ നാള്‍ കഴിഞ്ഞ് പണം കിട്ടാതയതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നതോടെ ആണ് 63കാരൻ പരാതിയുമായി തൃശ്ശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്.
അതേസമയം 63കാരനില്‍ നിന്ന് ഹണിട്രാപ്പിലൂടെ വാങ്ങിയെടുത്ത പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങി. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.