Monday, December 9, 2024
spot_imgspot_imgspot_img
HomeCinemaഡൽഹി രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘മീനാക്ഷിപുര’ത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ്; കേരളത്തിൽ നിന്നു അവാർഡ് നേടിയ...

ഡൽഹി രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘മീനാക്ഷിപുര’ത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ്; കേരളത്തിൽ നിന്നു അവാർഡ് നേടിയ ഏക ഡോക്യുമെന്ററി

കോട്ടയം: തമിഴ്നാട്ടിൽ തിരുനെൽവേലിക്കു സമീപം ഒരാൾ മാത്രം താമസിച്ചിരുന്ന ‘മീനാക്ഷിപുരം’ ഗ്രാമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വൺമാൻ വില്ലേജ്’ ഡൽഹി ഹൃസ്വ ചിത്ര രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്കാരം നേടി. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ച മഹേഷ് രാജിനാണ്. മലയാളമനോരമയിൽ പത്രപ്രവർത്തകനായ ആത്മജവർമ തമ്പുരാൻ എഴുതിയ തിരക്കഥയിൽ സിനിമ സംവിധായകൻ ജയരാജാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.

ശുദ്ധമായ വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട മീനാക്ഷിപുരത്തു നിന്നു കന്തസ്വാമി ഒഴികെ ബാക്കിയെല്ലാവരും വർഷങ്ങൾക്കു മുൻപു വീടും സ്ഥലവും ഉപേക്ഷിച്ച് വിവിധ നാടുകളിലേക്കു പോയിരുന്നു.

ഏകദേശം 1200 പേർ താമസിച്ചിരുന്ന ഗ്രാമമാണിത്. എല്ലാവരും പലായനം ചെയ്തിട്ടും കന്തസ്വാമി ഏകാന്തവാസത്തിൽ കഴിഞ്ഞു. ഈ യഥാർഥ സംഭവത്തെ അവലംബിച്ചുള്ളതാണ് കഥ. കന്തസ്വാമിയിലൂടെയാണ് ഡോക്യുമെന്ററിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നത്. 3 പതിറ്റാണ്ടിലേറെ ഗ്രാമത്തിൽ ഒറ്റയ്ക്ക് ജീവിച്ച കന്തസ്വാമി (74) കഴിഞ്ഞ ജൂണിൽ വിടപറഞ്ഞു. ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ മഹേഷ് രാജ്, സംവിധായകൻ ജയരാജിന്റെ സഹോദരനാണ്.

നാട്ടിൽ നിന്നു ശുദ്ധമായ വെള്ളവും പച്ചപ്പും നഷ്ടപ്പെടുന്നതിന്റെ നൊമ്പരവും പ്രതീക്ഷയോടെ സമൃദ്ധിയെ കാത്തിരിക്കുന്ന മനുഷ്യന്റെ സ്വപ്നവും തീവ്രമായ രീതിയിൽ കഥയിൽ ആവിഷ്ക്കരിക്കാൻ കഴിഞ്ഞെന്നു സംവിധായകൻ ജയരാജ് പറഞ്ഞു. ഈ മേളയിൽ കേരളത്തിൽ നിന്നു അവാർഡ് നേടിയ ഏക ഡോക്യുമെന്ററിയാണ് ‘വൺമാൻ വില്ലേജ്’

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments