ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.Massive terrorist attack in Pakistan
ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സൂചനയുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാവേറാക്രമണം നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്.
പ്രാഥമിക കണ്ടെത്തലുകൾ ചാവേർ ബോംബാക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയർ സൂപ്രണ്ട് പോലീസ് (എസ്എസ്‌പി) ഓപ്പറേഷൻസ് മുഹമ്മദ് ബലോച്ച് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിട്ടുണ്ട്. റെസ്‌ക്യൂ, ലോ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.