Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsസീറോമലബാർസഭയുടേത് പങ്കാളിത്തസ്വഭാവമുള്ള പ്രവർത്തനശൈലി; മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാർസഭയുടേത് പങ്കാളിത്തസ്വഭാവമുള്ള പ്രവർത്തനശൈലി; മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സീറോമലബാർസഭയുടേത് പങ്കാളിത്തസ്വഭാവമുള്ള ഒരു പ്രവർത്തനശൈലി എന്ന് മാര്‍ റാഫേല്‍ തട്ടില്‍. Mar Raphael Thattil says that the Syro-Malabar Church has a participatory style of working

പള്ളികളിലെയും രൂപതകളിലെയും ഭരണക്രമങ്ങളും മേജർആർച്ച്എപ്പാർക്കിയൽ ചർച്ച് എന്ന നിലയ്ക്കുള്ള ഭരണക്രമവും എല്ലാം ഈ പങ്കാളിത്തത്തിന്റെ പൊതുസ്വഭാവം പ്രകടമാക്കുന്നവയാണ്.

അഞ്ചാമത് സീറോമലബാർസഭ മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുമ്പോൾ ചർച്ചയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം അതീവപ്രാധാന്യം അർഹിക്കുന്നവയാണ്. കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർസഭയിൽ.

സീറോമലബാർസഭയുടെ പ്രവർത്തനശൈലിയനുസരിച്ചു കേൾക്കാൻ കാതുതുറക്കുന്ന ഒരുസഭ, അത് പ്രായോഗികമാക്കുന്ന ഒരു ഇടമായി മാറുന്നതാണ് മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലി. പരിശുദ്ധാത്മാവിനെ കേൾക്കാൻ പരിശുദ്ധ അമ്മ കാതുകൊടുത്തതു പോലെയാണ് സഭയുടെ ദൗത്യം നിർണ്ണയിക്കാൻ ഇക്കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കനുസൃതമായി അവയെ വ്യാഖ്യാനിക്കാനും മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലി കാതുകൊടുക്കുന്നത്.

കേൾക്കുന്ന സഭ, കേൾക്കുന്നതുവഴി സഭയിലെ കാലഘട്ടത്തിലെ ദൗത്യവും സാക്ഷ്യവും കൂടുതൽ സഭയോചിതവും ഇക്കാലഘട്ടത്തിലെ സംസ്‌കാരങ്ങളോടും ആവശ്യങ്ങളോടുമൊക്കെ അനുയോജ്യമാക്കാനുമുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് ഇത്.

സീറോമലബാർസഭ ഇത്തവണ മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലിക്ക് തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളിൽ പ്രധാനം വിശ്വാസപരിശീലനത്തിന്റെ നവീകരണമാണ്. സഭയുടെ ഏറ്റവും കാതലായ ദൗത്യം വിശ്വാസകൈമാറ്റമാണ്. വിശ്വാസപരിശീലനത്തിന്റെ ഉള്ളടക്കവും അതിനെ സഭ പ്രായോഗികമാക്കുന്ന പ്രവർത്തനശൈലിയും പഠനവിധേയമാക്കേണ്ടതുണ്ട്.

സീറോമലബാർസഭയിലെ വിശ്വാസപരിശീലനം ആത്യന്തികമായി നമ്മുടെ കുടുംബങ്ങളിലെ വിശ്വാസജീവിതത്തിന്റെ സാക്ഷ്യത്തിലൂടെയാണ് നിർവഹിക്കുന്നത്.

 അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളിലെ വിശ്വാസസാക്ഷ്യത്തിന്റേതായ പ്രായോഗികമാനങ്ങളും ഇക്കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് നടുവിൽ വ്യാഖ്യാനിക്കേണ്ടതുണ്ട്. നമ്മുടെ കുടുംബപ്രാർത്ഥനകൾ, ജീവിതശൈലിയുടെപ്രത്യേകതകൾ ഇതൊക്കെ എത്രയോ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വിശ്വാസം കൈമാറ്റം ചെയ്യുന്നത് കുടുംബത്തിലാണെന്നത് ഈ കാലഘട്ടം നേരിടുന്ന വെല്ലുവിളികൾക്ക് നടുവിൽ വ്യാഖ്യാനിക്കാൻ നമുക്ക് കഴിയണം. 

മാധ്യമങ്ങളുടെ അതിപ്രസരം അതിശക്തമായ കാലഘട്ടം കൂടിയാണ് ഇത്. പണ്ടു നമ്മൾ പഠിപ്പിച്ചപാഠങ്ങളെയും കൈമാറ്റം ചെയ്ത ശൈലികളെയുമെല്ലാം മാധ്യമങ്ങൾ ഇന്ന് വെല്ലുവിളിക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ വളരെ നിഷേധാത്മകമായിട്ടുള്ള ഒരുപാട് അറിവുകളും തെറ്റായ വ്യാഖ്യാനങ്ങളും കടന്നുവരുന്നുണ്ട്.

പണ്ട് പള്ളികളിൽ വൈദികർ നടത്തിയിരുന്ന വചനവ്യാഖ്യാനങ്ങളും പ്രസംഗങ്ങളും കുടുംബക്കൂട്ടായ്മകളിൽ നടത്തിയിരുന്ന പരസ്പര പങ്കുവയ്ക്കലുകളുമൊക്കെ യായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കൈമാറ്റശൈലിയായി കരുതിപ്പോന്നിരുന്നത്.

ഇന്ന് പള്ളിയിൽ എന്തുപറഞ്ഞാലും അതിനെ വെല്ലുവിളിക്കുന്നതരത്തിൽ നൂതനസാങ്കേതികശൈലിയിലൂടെ വിശ്വാസത്തെ അപകടപ്പെടുത്തുന്ന സാധ്യതകളും സാഹചര്യങ്ങളും ധാരാളമാണ്. അതുകൊണ്ട് വിശ്വാസപരിശീലനത്തിന്റെ നവീകരണം കുടുംബങ്ങളിൽ നിന്ന്, കൂട്ടായ്മകളിൽ നിന്ന്, ഇടവകകളിൽ നിന്ന്, രൂപതകളിൽ നിന്ന് കുറെക്കൂടി ശക്തിപ്പെടുത്താൻ എങ്ങനെ കഴിയും എന്ന് നമുക്ക് ചിന്തിക്കേണ്ടതുണ്ട്.

വിദ്യാർഥികളും ചെറുപ്പക്കാരും നവമാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യുന്ന കാലഘട്ടമാണിത്. നമ്മൾ പറയുന്നതിന് അതീതമായി നവമാധ്യമങ്ങളിലൂടെ കൈമാറപ്പെടുന്ന അറിവുകളും വാർത്തകളും കുട്ടികൾക്ക് വിരുദ്ധമായ പലധാരണകളും തെറ്റിദ്ധാരണകളും നല്കുന്നുണ്ട്.

ഇവിടെയൊക്കെ വിശ്വാസപരിശീലനത്തെക്കുറിച്ചുള്ള കൂട്ടായപങ്കാളിത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും പഠനങ്ങളും ചർച്ചകളും ആവശ്യമാണ്. നമ്മുടെ ഇടവകകകളിലെയും കുടുംബങ്ങളിലെയുമൊക്കെ വിശ്വാസപരിശീലനത്തിന് ഊന്നൽകൊടുക്കേണ്ട ഒരുപാടുമേഖലകളിൽ ഇതും ചർച്ചാവിഷയമാകേണ്ടതുണ്ട്.

വിശ്വാസപരിശീലനത്തിൽ നാം നേരിടുന്ന വെല്ലുവിളികൾ പാഠപുസ്തകങ്ങളെ സംബന്ധിച്ചുമുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം കാലികമായിരിക്കണം. കാലഘട്ടത്തിന് അനുയോജ്യമായിരിക്കണം.വിശ്വാസപരിശീലനത്തിൽ കുടുംബങ്ങളുടെ ദൗത്യംപോലെതന്നെ പ്രധാനപ്പെട്ടതാണ് മതാധ്യാപകരുടെ ദൗത്യം. മതാധ്യാപകരുടെ ദൗത്യം ഇക്കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുയോജ്യമായി പുനർനിർണയിക്കേണ്ടതുണ്ട്.

മിഷൻ പ്രവർത്തനങ്ങൾ സഭയുടെ മറ്റൊരുപ്രധാനപ്പെട്ട ചക്രവാളമാണ്. സീറോമലബാർസഭ ഇന്ത്യയ്ക്കു വെളിയിലും ഇന്ത്യയ്ക്കുള്ളിലും വ്യാപിച്ചുകിടക്കുന്നുണ്ട്. ഇവിടെയൊക്കെ അല്മായരുടെ സജീവപങ്കാളിത്തം വളരെ ആവശ്യമാണ്. വൈദിക സന്യസ്ത ദൈവവിളികൾ കുറഞ്ഞുവരുമ്പോഴും സഭ തുടങ്ങിവച്ച മിഷനറിപ്രവർത്തനങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ചിട്ടുപോകാൻ ബുദ്ധിമുട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ അല്മായർ അതിന് പകരക്കാരായി മുന്നോട്ടുവരണം. ധാരാളം മുന്നേറ്റങ്ങൾ അല്മായരുടെ ഭാഗത്തുനിന്നു നടത്തുന്നുണ്ട് എന്ന കാര്യം സന്തോഷകരമാണ്. അവർക്ക് കുറെക്കൂടി ആവശ്യമായിട്ടുള്ള ശക്തിപകരണം.

അല്മായരുടെ നേതൃത്വത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ധാരാളം സന്നദ്ധസംഘടനകൾ നിലവിലുണ്ട്. ഇനിയും കൂടുതലായി അത്തരം അല്മായ മുന്നേറ്റങ്ങൾ മുന്നോട്ടുവരേണ്ടതുമുണ്ട്.

അതുപോലെ തന്നെ വിശ്വാസംപഠിപ്പിക്കുന്നത് പാഠപുസ്തകങ്ങളിലൂടെ എന്നതുപോലെ പ്രവൃത്തികളിലൂടെയുമായിരിക്കണം. പണ്ടുകാലങ്ങളിൽ ഒന്നോ രണ്ടോ ഭക്തസംഘടനകൾ മാത്രമാണ് ഇതേ ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് പലപേരുകളിൽ പല സംഘടനകളും അല്മായരുടെ നേതൃത്വത്തിൽ ഉപവിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നതും സന്തോഷകരമായ കാര്യമാണ്.

മാധ്യമരംഗത്തേക്കും അല്മായർ ധാരാളമായി മുന്നോട്ടുവരുന്നുണ്ട്. ഇതിനെയൊക്കെ കുറെക്കൂടി കാലാനുസൃതമായി ക്രമപ്പെടുത്താൻ, ശക്തിപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്.

അല്മായരുടെ നേതൃത്വത്തിൽ നടക്കുന്ന സുവിശേഷപ്രവർത്തനങ്ങൾ കുറെക്കൂടി സംഘാതാത്മകമായും ശക്തമായും ചെയ്യാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നത് ഈ അസംബ്ലിയിൽ വളരെ ശക്തമായി ചർച്ച ചെയ്യുന്നുണ്ട്. അല്മായരെ മാറ്റിനിർത്തുകയല്ല ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. അല്മായരുടെ സഹകരണം കൊണ്ട് നമുക്ക് കുറെക്കൂടി സുവിശേഷവൽക്കരണം ആകർഷകമാക്കാനും ശക്തമാക്കാനും കഴിയണം. 

സീറോ മലബാർസഭയുടെ വലിയൊരു പ്രതിസന്ധിയെന്നു പറയുന്നത് സമുദായബോധത്തിന്റെ അഭാവമാണ്. അമ്പത്‌ലക്ഷത്തോളം അംഗങ്ങളുള്ള സഭയാണ് നമ്മുടേതെന്ന് പറയുമ്പോഴും സമുദായമെന്ന നിലയ്ക്ക് ഒറ്റക്കെട്ടായി നില്ക്കാൻ നമുക്ക്  പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാമുദായികമായിട്ടുള്ള അവബോധവും പരസ്പരകൂട്ടായ്മയും കൂട്ടുത്തരവാദിത്വവും നമ്മുടെയിടയിൽ ഉണ്ടാകുന്നില്ല.

പണ്ടുണ്ടായിരുന്നത് കുറെക്കൂടി ദുർബലമാകുകയും ചെയ്യുന്നുണ്ട്. നമ്മുടെ സമുദായം നേരിടുന്ന പല പ്രതിസന്ധികളുമുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥ, ജനസംഖ്യയിലുള്ള കുറവ്. തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ എണ്ണത്തിലുളള വർധനവ്, പ്രായം വർദ്ധിച്ചിട്ടും സ്വന്തം ജീവിതാവസ്ഥ തിരഞ്ഞെടുക്കാൻ കഴിയാതെ വിഷമിക്കുന്ന യുവതീയുവാക്കൾ. രാഷ്ട്രീയമണ്ഡലങ്ങളിൽ നേരിടുന്ന അവഗണനകൾ.

 ഇവിടെയൊക്കെ കൂട്ടുത്തരവാദിത്വത്തോടെ നമുക്കുപ്രവർത്തിക്കേണ്ടതുണ്ട്. സഭൈക്യപ്രസ്ഥാനത്തിലും നമ്മുടെ ദൗത്യം പുനർവ്യാഖ്യാനിക്കേണ്ടതുണ്ട്. രൂപതകളിലെ വിവിധപ്രസ്ഥാനങ്ങളും സന്യാസസമൂഹങ്ങളുംസ്ഥാപനങ്ങളുമൊക്കെ കുറെക്കൂടി കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്കവിധത്തിൽ ശുശ്രൂഷകൾ നിർവഹിക്കാൻ വേണ്ടിയുള്ള ആലോചനകളും കർമ്മപദ്ധതികളുമൊക്കെ ഉണ്ടാക്കേണ്ടതുണ്ട്.

അതുകൊണ്ട് സാമൂദായികമായി, സഭാത്മകമായി സഭ നേരിടുന്ന സകല വെല്ലുവിളികളെയും പുതുതായി വ്യാഖ്യാനിക്കാനും നേരിടാനും  അഞ്ചാമത് മേജർആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലിക്ക് കാരണമാകുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments