പെരിന്തല്‍മണ്ണ: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസില്‍ തമിഴ്നാട് കടലൂര്‍ കാട്ടുമണ്ണാര്‍കോവില്‍ സ്വദേശി ജയചന്ദ്രൻ എന്ന ചന്ദ്രുവിനെ(36) പൊലീസ് അറസ്റ്റ് ചെയ്തത് ഒളിവില്‍ കഴിയുന്നതിനിടെ. man tried to kill his wife
തമിഴ്നാട് സ്വദേശികളായ ഇവര്‍ രണ്ടുമാസത്തോളമായി പാതായ്ക്കരയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. 9 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ജയചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു.
ക്വാറി തൊഴിലാളിയായിരുന്ന ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ശേഷം റൂമിനകത്ത് നിന്നും നിലവിളി കേട്ട അയല്‍ക്കാരാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. അവര്‍ പ്രതിയുടെ വീട്ടിലാണ് കഴിയുന്നത്.