കൊല്‍ക്കത്ത: ഇന്‍സ്റ്റഗ്രാം റീല്‍സിനെച്ചൊല്ലിയും സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുമുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ് ഭര്‍ത്താവ് പരിമാള്‍ ബൈദ്യ കൊലപ്പെടുത്തിയത്. man killed wife over conflict about instagram reels
കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് അപര്‍ണയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ചോരയില്‍ കുളിച്ചുകിടക്കുന്നനിലയില്‍ അമ്മയുടെ മൃതദേഹം കണ്ട് എട്ടാംക്ലാസുകാരന്‍ നിലവിളിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപര്‍ണ നിരവധിപേരുമായി സൗഹൃദം പുലര്‍ത്തുന്നതും ഭര്‍ത്താവിന് പകയായി. ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് ചെയ്തിരുന്ന അപര്‍ണയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഈ സുഹൃത്തുക്കളുമായി ഇവര്‍ പതിവായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവ് ഇത് എതിര്‍ത്തു.
വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ അപര്‍ണ അടുത്തിടെയാണ് വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിവന്നത്. അപര്‍ണയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും ഭര്‍ത്താവ് സംശയിച്ചു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുന്ന മകനും നഴ്സറി വിദ്യാര്‍ഥിനിയായ മകളുമാണ് ദമ്പതിമാര്‍ക്കുള്ളത്.