ലണ്ടൻ : ബ്രിട്ടനെ ആകമാനം പിടിച്ചുലച്ച കുടിയേറ്റ വിരുദ്ധ പ്രക്ഷോഭപരമ്പരകളെ നേരിടാൻ അറസ്റ്റും നിയമനടപടികളും ശക്തമാക്കി. ലിവർപൂളിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്ക് 3 വർഷം തടവുശിക്ഷ നൽകിയതുൾപ്പെടെ കർശന നിലപാട് ബ്രിട്ടിഷ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.man jailed for three years for punching police officer during UK riots
അതേസമായം മുസ്ലിം പൗരന്മാർക്ക് നേരെയുള്ള തീവ്ര വലതുപക്ഷ പ്രതിഷേധങ്ങൾ മൂലം ഹിജാബ് ധരിച്ച് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തങ്ങൾക്ക് ഭയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുസ്ലിം സ്ത്രീകൾ. ആശങ്കാകുലരായ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യുവാൻ പല കമ്പനി ഉടമകളും അനുവദിച്ചു കഴിഞ്ഞു.
ആശങ്കാകുലരായ ജനങ്ങൾ തങ്ങളുടെ ഭയവും ആശങ്കയുമെല്ലാം സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്. ടിക് ടോക് വീഡിയോകളിൽ ഉൾപ്പെടെ തങ്ങൾ നേരിടുന്ന വംശീയ അതിക്രമം ജനങ്ങൾ തുറന്നുകാട്ടുകയാണ്.
മുസ്ലിം പൗരന്മാർക്ക് നേരെ മാത്രമല്ല, കുടിയേറ്റക്കാർക്ക് നേരെയും വലതുപക്ഷ പ്രവർത്തകർ അതിക്രമങ്ങൾ അഴിച്ചു വിടുന്നുണ്ട്. അതേസമയം അക്രമസംഭവങ്ങൾ നേരിടാനായി 6000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച 3 പെൺകുട്ടികളെ സൗത്ത് പോർട്ടിൽ കുത്തിക്കൊലപ്പെടുത്തിയ യുവാവ് കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പടർന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കൊപ്പം എതിർപ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിലാണ്.
യുകെയിൽ ആഭ്യന്തര യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്ന് ‘എക്സ്’ ഉടമ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് കുറിച്ചതിൽ ബ്രിട്ടിഷ് സർക്കാർ അതൃപ്തി അറിയിച്ചു.
ടോമി റോബിൻസണെ പോലെയുള്ള കുടിയേറ്റ വിരുദ്ധർ ഓൺലൈൻ വഴി നടത്തുന്ന കലാപ ആഹ്വാനങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ രൂക്ഷമായി വിമർശിച്ചു.