കൊച്ചി∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ യോഗം നടക്കുമ്പോൾ അതിൽ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടിൽനിന്ന് 17 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് മോഷണം പോയത്.
എളംകുളം ബോസ്‌നഗര്‍ പറയന്തറ ജോര്‍ജ് പ്രിൻസിനെയാണ് (36) എറണാകുളം നോര്‍ത്ത് പൊലീസ് ഇൻസ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
29ന് രാവിലെ 8.30നാണ് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിലെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഈ സമയം തങ്കവും കുടുംബവും കളമശേരിയിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
ബോംബ് സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. . തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.