വത്തിക്കാൻ: സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചു.
സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാള്‍മാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനില്‍ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കർദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാട്.
കർദിനാള്‍ ജോർജ് ആലഞ്ചേരിക്കും കർദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 20 കർദിനാള്‍മാരെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ നിയുക്ത കർദിനാള്‍ 2006 മുതല്‍ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്.
വത്തിക്കാന്‍റെ ഔദ്യോഗിക സംഘത്തില്‍ അംഗമായ അദ്ദേഹമാണ് മാർപ്പാപ്പയുടെ വിദേശയാത്രകളടക്കമുളളവ ക്രമീകരിക്കുന്നതിന്‍റെ ചുമതല വഹിക്കുന്നത്. കർദിനാളായി ഡിസംബർ 8ന് ചുമതലയേല്‍ക്കുന്ന മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാട് പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേഖരിയിലുളള വീട്ടുകാരുമായി തന്‍റെ സന്തോഷം പങ്കിട്ടു. നിയുക്ത കർദിനാളിന്‍റെ അമ്മയുമായി ഫ്രാൻസീസ് മാർപ്പാപ്പ വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാട്ടിന്‍റെ മാതൃകപരമായ സേവനങ്ങള്‍ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാർപ്പാപ്പ പറഞ്ഞത്.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.
അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.