Wednesday, April 30, 2025
spot_imgspot_img
HomeNewsപാർട്ടിയെ വെല്ലുവിളിക്കുന്നതായിരുന്നു പല നടപടികളും,വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല; ആര്യാടന്‍ ഷൗക്കത്തിനെതിരെ പരാതികളുമായി മലപ്പുറം ഡിസിസി

പാർട്ടിയെ വെല്ലുവിളിക്കുന്നതായിരുന്നു പല നടപടികളും,വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല; ആര്യാടന്‍ ഷൗക്കത്തിനെതിരെ പരാതികളുമായി മലപ്പുറം ഡിസിസി

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷ പരാതികളുമായി മലപ്പുറം ഡിസിസി. പാർട്ടിയെ വെല്ലുവിളിച്ചാണ് ഷൗക്കത്തിന്റെ പല നടപടികളെന്നും ഇതുവെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മലപ്പുറം ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അച്ചടക്ക സമിതിക്ക് മുന്നില്‍ മൊഴി നൽകി.

മൊഴിയെടുപ്പ് പൂർത്തിയായെന്നും എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് ആര്യാടൻ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തത്. ഒരാഴ്ചത്തെ വിലക്ക് ഇന്ന് അവസാനിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഡിസിസി അധ്യക്ഷനും ഭാരവാഹികളും അടക്കമുള്ള എതിർപക്ഷം മൊഴി നൽകാൻ എത്തിയത്. അച്ചടക്ക സമിതിക്കു മുന്നിൽ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവും പരാതികളും ആണ് ഇവർ ഉന്നയിച്ചത്. ഷൗക്കത്തിന്റെ നിലപാടുകൾ അംഗീകരിക്കാൻ പറ്റുന്നതല്ല. പാർട്ടിയെ വെല്ലുവിളിക്കുന്നതായിരുന്നു പല നടപടികളും. അച്ചടക്കമില്ലാത്ത പ്രവർത്തകനെ പോലെയാണ് പ്രതികരിക്കുന്നത്. നടപടി കൂടിയേതീരൂ എന്നാണ് മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോയുടെയും ഭാരവാഹികളുടെയും നിലപാട്.

ഷൗക്കത്ത് ഖേദപ്രകടനം നടത്തിയെന്നുള്ള നിലപാട് പോലും അംഗീകരിക്കാൻ ഡിസിസി ഭാരവാഹികളും പ്രസിഡന്‍റും തയ്യാറായില്ല. ഈ മാസം ആറ്, എട്ട് തീയതികളിൽ ആയി ആര്യാടൻ ഷൗക്കത്തിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും മൊഴിയെടുത്തിരുന്നു. ലീഗിന് കൂടി ആശങ്കയുള്ള സാഹചര്യത്തിൽ നിലവിലെ അവസ്ഥയിൽ ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടികൾക്ക് സാധ്യതയില്ല. ഒരാഴ്ചത്തെ വിലക്കും താക്കീതും നൽകിയെന്ന വാദം ഉയർത്തിയാകും കെപിസിസി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമിക്കാനാണ് സാധ്യത.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments