കൊച്ചി: ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയുള്ള മാര്‍പാപ്പയുടെ തീരുമാനം വന്നതോടെ തിരച്ചടി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്.
കര്‍ദിനാളാകാനുള്ള റാഫേല്‍ തട്ടിലിന്റെ സാധ്യതകള്‍ ഇതോടെ മങ്ങി. ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (51) ഉള്‍പ്പടെ 21 പേരെയാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദിനാളായി നിയമിച്ചത്.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ പുതിയ കര്‍ദിനാളമ്മാരുടെ സ്ഥാനാരോഹണം നടക്കും.
ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് എത്തിയതോടെ നിലവിലെ സീറോമലബാര്‍ സഭാ തലവനായ മാര്‍ റാഫേല്‍ തട്ടിലിന് കര്‍ദിനാള്‍ പദവി ലഭിക്കാനുള്ള വഴികള്‍ അടഞ്ഞതായാണ് സഭാ വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയും മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവയും കര്‍ദിനാള്‍ പദവി വഹിക്കുന്നവരാണ്. ജോര്‍ജ് കൂവക്കാട് കുടി കര്‍ദിനാളാവുന്നതോടെ ഇനി വേറൊരാള്‍ക്ക് സീറോ മലബാര്‍ സഭയില്‍ നിന്ന് ഈ ഉയര്‍ന്ന പദവി ഉടനെയൊന്നും കിട്ടാനുള്ള സാധ്യതയില്ല,
മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാന നഷ്ടത്തിനു പിന്നില്‍ എറണാകുളം-അങ്കമാലി രൂപതയിലെ നീണ്ടുപോകുന്ന കുര്‍ബാന തര്‍ക്കങ്ങളും കലഹങ്ങളും കാരണമായിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന സംഘര്‍ഷങ്ങളും വിശ്വാസതര്‍ക്കങ്ങളും രമ്യമായി പരിഹരിക്കുന്നതില്‍ മാര്‍ തട്ടില്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ് വത്തിക്കാന്റെ വിലയിരുത്തല്‍.
ഇപ്പോള്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മോണ്‍സിഞ്ഞോര്‍ കൂവക്കാട് കര്‍ദ്ദിനാളാകുന്നതോടെ സീറോ മലബാര്‍ സഭയുടെ നിയന്ത്രണം തന്നെ ആഗോള സഭയുടെ ആസ്ഥാനത്തില്‍ നിന്നാവും. ഈ നിയന്ത്രണങ്ങളും ഇടപെടലുമെല്ലാം മാര്‍ റാഫേല്‍ തട്ടിലിന്റെ അധികാരത്തെ വെട്ടിക്കുറയ്ക്കാന്‍ പോലും ഭാവിയില്‍ ഇടയാക്കിയേക്കാം.
മാർ തട്ടിലിനെതിരെ സിറോമലബാർ സഭയിലെ ഏറ്റവും പ്രമുഖമായ സിഎം ഐ സഭയുടെ മുഖപത്രമായ കർമ്മലകുസുമത്തിൽ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. “അഭിവന്ദൃ പിതാവേ പറയാതെ വയ്യ” എന്ന തലക്കെട്ടിലാണ് മാസികയുടെ എഡിറ്റോറിയലിൽ മാർ തട്ടിലിന്റെ ഭരണ പരാജയങ്ങൾ ചൂണ്ടികാണിച്ചിരിക്കുന്നത്. പൂട്ടികിടക്കുന്ന ബസിലിക്ക തുറക്കാൻ പോലും ചർച്ചചെയ്യാതെ മാർ തട്ടിലിൽ സ്വീകരണങ്ങൾക്ക് ഇറങ്ങിപോയതിനെയും സിഎംഐ സഭ കുറ്റപ്പെടുത്തുന്നുണ്ട്. മാർ തട്ടിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദീർഘമായ സന്ദർശനം നടത്തിയതിന്റെ വെളിച്ചത്തിലാണ് ഈ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സഭയിലെ വിമതന്മാർക്ക് ഏതാണ്ട് കീഴടങ്ങിയതോടെ മാർ തട്ടിലിൽ
പ്രതീക്ഷയർപ്പിച്ചവർ നിരാശരാകുന്നുവെന്നതാണ് ആക്ഷേപം.
സീറോ മലബാര്‍ സഭാ തലപ്പത്ത് നിയമിതനായി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സഭാതലവനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ് കീഴ്വഴക്കം. മാര്‍ റാഫേല്‍ തട്ടില്‍ കര്‍ദിനാള്‍ പദവി ഉറപ്പിച്ചിരുന്ന നേരത്താണ് ഇരുട്ടടി പോലെ പുതിയ കര്‍ദ്ദിനാളിന്റെ സ്ഥാനാരോഹണം. മാര്‍ റാഫേല്‍ തട്ടിലിനോടുള്ള വത്തിക്കാന്റെ കടുത്ത അതൃപ്തിയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പാക്കിയ സിനഡില്‍ പോപ്പിന്റെ പ്രതിനിധിയായി മോണ്‍സിഞ്ഞോര്‍ കൂവക്കാട് പങ്കെടുത്തിരുന്നു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ് തികയുമ്പോള്‍ പിന്നെ കര്‍ദിനാള്‍ സമിതിയില്‍ വോട്ടവകാശമുള്ള സീറോ മലബാര്‍ സഭയിലെ ഏക ആളായി ജോര്‍ജ് കൂവക്കാട് മാറും. 2020 മുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിദേശ യാത്രകളുടെ മുഖ്യ സംഘാടകനാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ഫ്രാൻസിസ് പാപ്പയുടെ പോപ്പിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് ഫാ. കൂവക്കാട് അറിയപ്പെടുന്നത്.