കോട്ടയം: രാജ്യാന്തര റീട്ടെയിൽ വ്യാപാര ഗ്രൂപ്പായ ലുലു മാൾ ശനിയാഴ്ച മുതൽ കോട്ടയത്തും യാഥാർത്ഥ്യമാകുന്നു. കോട്ടയം എംസി റോഡിൽ മണിപ്പുഴയിലാണ് മാൾ’

ശനിയാഴ്ച ഉദ്ഘാടനം നടക്കുമെങ്കിലും ഞായറാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
ശനിയാഴ്ച രാവിലെ 11:30 മുതൽ ഒന്നരമണിക്കൂറാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.കോട്ടയം കാരനായ മന്ത്രി വി എൻ വാസവനാണ് മാൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
കൂടാതെ ചടങ്ങിൽ വിശിഷ്ടാതിഥികളായി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ജോസ് കെ മാണി ,എം പി ഫ്രാൻസിസ് ജോർജ്. എം എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ.സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു എന്നിവർ പങ്കെടുക്കുമെന്നാണ് പുറത്തുവന്ന പ്രോഗ്രാം നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ബിജെപിയുടെ കേന്ദ്രമന്ത്രിയും ബിജെപി ജില്ലാ നേതാക്കളും നോട്ടീസിൽ ഇടം പിടിച്ചിട്ടില്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും ലിസ്റ്റിൽ ഇല്ല. കോട്ടയത്തിന്റെ കേന്ദ്ര മന്ത്രിയുടെ പേര് ഉദ്ഘാടന വേദിയിലെ പ്രമുഖരുടെ പട്ടികയിൽ നിന്നും ഒഴിവായത് ഇതിനകം തന്നെ ബിജെപി കേന്ദ്രങ്ങളിൽ അസ്വസ്ഥത പടർത്തിയിട്ടുണ്ട്. അതുപോലെതന്നെ സിപിഎം. കോൺഗ്രസ് എന്നീ പാർട്ടികളുടെ ജില്ലാ നേതൃത്വത്തിലെ ചുമതലയുള്ളവരെ പങ്കെടുപ്പിക്കാത്തതും വിമർശനം ഏറ്റുവാങ്ങുന്നു.
ജോസ് കെ മാണിയെ കൂടാതെ രാജ്യസഭാ എംപി യായ ഹാരിസ് ബീരാൻ വിശിഷ്ടാതിഥിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.ചുരുക്കത്തിൽ ലുലുവിന്റെ ഇഷ്ടക്കാരായ രാഷ്ട്രീയ നേതാക്കളുടെ ഒരു സംഗമ വേദിയായി മാറുകയാണ് ഉത്ഘാടന ചടങ്ങ്.
ലുലുവിന്റെ ഉദ്ഘാടന ചടങ്ങിൽ മാധ്യമ തലസ്ഥാനത്തെ മറ്റു രണ്ട് ദിനപത്രങ്ങളുടെ മാനേജ്മെൻറ് പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചർച്ചയായി. ‘കേരളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെയും മംഗളത്തിന്റെയും മാനേജ്മെൻറ് തലത്തിൽ ഉദ്ഘാടന പരിപാടിയുടെ വേദിയിലേക്ക് ആരെയും ക്ഷണിച്ചതായി നോട്ടീസിൽ ഇല്ല.
ക്രൈസ്തവ സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികൾക്കെതിരെ ദീപിക തുറന്നെഴുതുന്ന ഘട്ടത്തിലാണ് ഇതെന്നതും ചർച്ചയായിട്ടുണ്ട്. മുനമ്പം ഉൾപ്പെടെയുള്ള ക്രൈസ്തവ സമുദായത്തെ തകർക്കുന്ന പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ദിനപത്രം.
മാധ്യമപ്രവർത്തകരെ വേർതിരിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചതും കല്ലുകടിയായി.മാധ്യമപ്രവർത്തകരെ തരംതിരിച്ചാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് ലുലു പോലെയുള്ള അന്താരാഷ്ട്ര ബ്രാൻഡിന് ആരാണ് കൈമാറിയത് എന്ന് കോട്ടയത്തെ മാധ്യമ പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്
രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിൻ്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്.
കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.