കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നൊന്പരമാകുന്നു.
മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലിബ്‌ന. കഴിഞ്ഞ മാസം രണ്ടാഴ്ച ലിബ്നയുടെ ബിന്ദു ടീച്ചർ ലീവായിരുന്നു. തിരിച്ചെത്തിയ ടീച്ചർക്ക് കിട്ടിയത് സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡർ ലിബ്‌ന എഴുതിയ കത്തായിരുന്നു.
“ടീച്ചർ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട ടീച്ചറാണ്. വഴക്കുപറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും അത് ഞങ്ങളുടെ നല്ലതിനു വേണ്ടിയാണെന്ന് മനസ്സിലായി. ടീച്ചറിനെ ഞങ്ങൾ ഒത്തിരി മിസ് ചെയ്യുന്നു. ഞങ്ങളെ വേർതിരിവില്ലാതെ സ്നേഹിച്ച ടീച്ചറിനെ ഞങ്ങളും ഒത്തിരി സ്നേഹിക്കും. പ്രാർഥനയിൽ ടീച്ചറിനെ ഓർക്കും”- ഇതായിരുന്നു കത്തിലെ വരികൾ.
ഒരു അധ്യാപികയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം തുടിക്കുന്ന ആ കത്ത് ബിന്ദു ഏറെ സ്നേഹത്തോടെ സൂക്ഷിച്ചുവെച്ചു. 34 വർഷത്തെ അധ്യാപക ജീവിതത്തിൽ ഇത്തരമൊരു കത്ത് ആദ്യാനുഭവമായിരുന്നു. കത്തിലൂടെ ഹൃദയം കവർന്ന ലിബ്‌നയ്ക്കും കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റെന്ന വാർത്ത ഞായറാഴ്ച ടീച്ചറെ വല്ലാതെ വേദനിപ്പിച്ചു. വാർത്ത കേട്ടപ്പോൾ മുതൽ പ്രാർഥിച്ചു, അവളുടെ തിരിച്ചുവരവിനായി. എന്നാൽ, തിങ്കളാഴ്ച ആ ദുരന്തവാർത്ത എത്തിയപ്പോൾ ബിന്ദു ടീച്ചർക്കും സഹഅധ്യാപകർക്കും അത് ഉൾക്കൊള്ളാനായില്ല.
ഇന്ന് ലിബിനയുടെ പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും സ്കൂളിൽ അവൾക്കായി ഒത്തു ചേരും. ആശുപത്രിയിൽ ലിബ്നയുടെ പിതാവ് നിൽക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ലിബ്നയുടെ രണ്ട് സഹോദരൻമാരും അമ്മയും സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.