കൊച്ചി: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് കുറുവ സംഘം. ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
ഇതോടെ കുറുവ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ശബരിമല സീസണില്‍ കുറുവ മോഷണ സംഘം സജീവമാകുമെന്നും ഇവരുടെ പ്രവർത്തന രീതി വ്യത്യസ്തമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.
കൊച്ചിയില്‍ ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പത്തോളം വീടുകളില്‍ കുറുവ സംഘമെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് കുറുവ സംഘത്തിന് സമാനമായ മോഷണ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നാണ് സംശയിക്കുന്നത്.
കുറുവ സംഘം പകല്‍ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കി വയ്ക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങള്‍ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകള്‍ ദുർബലമായ വീടുകളും മോഷണത്തിനായി തിരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകള്‍ ലക്ഷ്യംവയ്ക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍ പറഞ്ഞു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനിലുമടക്കം പെടോളിംഗ് വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..