കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. അച്ഛൻ ഷെരീഫിന് 7 വർഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
ഷെരീഫിന് അരലക്ഷം രൂപ പിഴയും ചുമത്തി. 2013 ജൂലൈയിലാണ് നാലരവയസുണ്ടായിരുന്ന ഷെഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു.
ഇപ്പോള്‍ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്സായ രാഗിണിയാണ്. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം. പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്