തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ്.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് ലാത്തി ചാര്‍ജ്ജുണ്ടായത്. പി പി ചിത്തരഞ്ജൻ എം എല്‍ എയുടെ വാഹനം തടഞ്ഞു.
മന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍, പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.
പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്യുകയാണെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. യൂണിയൻ തിരഞ്ഞെടുപ്പില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന് ആരോപിച്ചാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തിയത്.
കേരളീയം ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും പിപി ചിത്തരഞ്ജൻ എംഎല്‍എയുടെയും വാഹനം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.