തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി വർധിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ലഭിക്കുന്ന ഭൂരിപക്ഷം പരാതികളും സ്വിഫ്റ്റിലെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കുറിച്ചാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വിഫ്റ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ.
കൂടാതെ സ്വിഫ്റ്റിലെ ഡ്രൈവർമാർ മാരകമായ അപകടങ്ങളും അപകടമരണങ്ങളും സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഇത് മന്ത്രിയുടെ ഉത്തരവായി തന്നെ കാണണം. ബസിൽ കയറുന്നവരോട് ഡ്രൈവറും കണ്ടക്ടറും എളിമയോടെ പെരുമാറണം. ജനങ്ങൾ നമ്മുടെ യജമാന്മാരാണ്. വാഹനത്തിൽ കയറുന്ന ആൾ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണ് നിങ്ങൾ ശമ്പളം വാങ്ങുന്നതെന്നും ഗണേഷ് കുമാർ ജീവനക്കാരോട് പറഞ്ഞു.
കഴിഞ്ഞ ഉത്രാടത്തലേന്ന് സാധാരണയെക്കാൾ നാലര ലക്ഷം യാത്രക്കാർ കെഎസ്ആർടിസിയിൽ യാത്ര ചെയ്തു. കെഎസ്ആർടിസിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. വിശ്വാസം വർധിച്ചതുകൊണ്ടാണ് ഓണക്കാലത്ത് ബസുകളിൽ നാലര ലക്ഷം യാത്രക്കാർ കൂടുതൽ കയറിയത്. ഒരു കാരണവശാലും മര്യാദയില്ലാത്ത സംഭാഷണം പാടില്ല, പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും അംഗപരിമിതരോടും. വൃദ്ധരോ അംഗപരിമിതരോ ബസിൽ യാത്ര ചെയ്യാൻ എത്തിയാൽ അവരെ പിടിച്ചു കയറ്റണം. അംഗപരിമിതർക്ക് വേണ്ടി റിസർവ് ചെയ്ത സ്ഥലത്ത് ആരിരുന്നാലും അവരെ എഴുന്നേൽപ്പിച്ച് സീറ്റ് അംഗപരിമിതർക്ക് നൽകണം. ഇത് കണ്ടക്ടറുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.