കാഞ്ഞിരപ്പള്ളി: കോട്ടയത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. kottayam parathode family death update
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സോമനാഥൻ നായർ. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അതേസമയം സോമനാഥൻ നായരുടെയും കുടുംബാംഗങ്ങളുടെയും അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. രണ്ട് ദിവസമായി പാറത്തോട്- പഴൂമല റോഡരികിലുള്ള വീടും ഗേറ്റും പൂട്ടിയിട്ട നിലയിലായിരുന്നു. രണ്ട് ദിവസത്തെ പാലും പത്രവും എടുത്തിട്ടുമില്ലായിരുന്നു. നാട്ടിലെ ഏത് കാര്യത്തിലും മുൻപിലുണ്ടായിരുന്ന സോമനാഥൻ നായരുടെ വീട്ടിലേക്ക് മരണവാർത്ത അറിഞ്ഞതുമുതല്‍ നിരവധിപേരാണ് എത്തിയത്.
ശ്യാംനാഥ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് ആണ് നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും പറയുന്നത്. ബിഎസ്‌സി ഇലക്‌ട്രോണിക്സ് ബിരുദധാരിയാണ് ഇയാള്‍. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ ജോലി സ്ഥലത്തേക്കും വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കും എന്നതായിരുന്നു ശൈലി. അധികം ആരോടും മിണ്ടാറില്ല. നാട്ടിലും ഓഫിസിലും ആരോടും ചങ്ങാത്തമില്ല. കഴിവതും ആരുടെയും മുഖത്തു നോക്കാതെ കുനിഞ്ഞാണു നടക്കാറുള്ളതെന്നും നാട്ടുകാർ പറയുന്നു.
22-ാം വയസ്സില്‍ സ്കൂളില്‍ പ്യൂണായി ജോലിക്കു കയറിയ ശ്യാംനാഥിനു പിന്നീടു ബവ്റിജസ് കോർപറേഷനില്‍ മാനേജരായി ജോലി ലഭിച്ചിട്ടും പോയില്ല. പിന്നീടാണു സിവില്‍ സപ്ലൈസ് വകുപ്പില്‍ ജോലി നേടുന്നത്. ശ്യാംനാഥിന്റെ പേരിലുള്ള ആധാരങ്ങള്‍ ഒഴികെയുള്ളവ അടുപ്പില്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയെന്നാണു പൊലീസ് പറയുന്നത്.
തിങ്കളാഴ്ച മുതല്‍ ശ്യാംനാഥ് ഓഫിസിലും എത്തിയിരുന്നില്ല. പനിയാണെന്നു കാട്ടി അവധിയെടുത്തിരുന്നു. ഇന്നലെ വൈകിട്ട് 3നു പൊലീസെത്തി അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
30 വർഷം മുൻപു സോമനാഥൻ നായരുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ആദ്യഭാര്യയിലെ 4 പെണ്‍മക്കളും വിവാഹിതരാണ്. അദ്ദേഹവും രണ്ടാം ഭാര്യ സരസമ്മയും മകൻ ശ്യാംനാഥും മാത്രമാണു നിലവില്‍ വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍മക്കളെ ചൊവ്വാഴ്ച ഉച്ചയ്ക്കും സോമനാഥൻ നായർ ഫോണില്‍ വിളിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണു സംഭവമെന്നാണു പൊലീസിന്റെ നിഗമനം. സോമനാഥൻ നായരുടെ മറ്റു മക്കള്‍: ലത, യമുന, സ്വപ്ന, സീമ. മരുമക്കള്‍: സുരേഷ്, സന്തോഷ്, സുരേഷ് (കറുകച്ചാല്‍), സുധീർ.