കോട്ടയം : ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാൻ തീരുമാനിച്ചതോടെ കോട്ടയത്തെ സംഘടന നേതൃതലത്തിൽ അഴിച്ചു പണി ചർച്ചയാകുന്നു.
പുതിയ തീരുമാനത്തോടെ ഒരു ജില്ലയിൽ രണ്ട് അധ്യക്ഷൻ മാർക്ക് അവസരം ഒരുങ്ങുകയാണ്. കോട്ടയത്ത് ഇതോടെ രണ്ട് ജില്ലാ സാരഥികൾ ഉണ്ടാകുമെന്നാണ് സൂചന.രണ്ടിലധികം വിഭജനത്തിനും സാധ്യതയുണ്ട്.
കോട്ടയം ജില്ലയിൽ അധികാര അതിർത്തി പുനർനിർണയിക്കുമ്പോൾ കോട്ടയത്തിന് പുറമേ പൊൻകുന്നം ആ സ്ഥാനമായി മറ്റൊരു പ്രവർത്തനമേഖല കൂടി രൂപപ്പെടും. നിലവിൽ ആർഎസ്എസ് പിന്തുടരുന്നത് ഈ രീതിയാണ്. കോട്ടയം പൊൻകുന്നം മേഖലകൾക്ക് രണ്ട് അധ്യക്ഷന്മാർ. അതിനെക്കുറിച്ചാണ് പാർട്ടി ആലോചിക്കുന്നത്.
പാർട്ടി ജില്ലാ അധ്യക്ഷൻ ജി ലിജിൻ ലാൽ ആണ്. സുരേന്ദ്രൻ പക്ഷത്തെ അടിയുറച്ച നേതാവായ ലിജിന് ഒരു തവണ കൂടി തുടരാൻ അവസരം ലഭിക്കുമെന്നാണ് പാർട്ടിയിൽ നിന്നും ഇതുവരെ ലഭിക്കുന്ന സൂചനകൾ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ലിജിൻലാൽ കോട്ടയം പാർലമെൻറ് ഇലക്ഷനിൽ തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും നിർവഹിച്ചു.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും സന്ദീപ് വാര്യരുടെ കോൺഗ്രസ് കുടിയേറ്റവും സംഘടന തലത്തിൽ സുരേന്ദ്രൻ പക്ഷത്തിന്റെ കരുത്ത് ചോർന്നു എന്ന് വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ പൊതുവേയുള്ള കീഴവഴക്കം പാലിച്ചു ലിജിനെ തുടരാൻ അവസരം ലഭിക്കുമെന്നാണ് സുരേന്ദ്രൻ അനുകൂലികൾ പറയുന്നത്.
സംഘടന രംഗത്ത് കോട്ടയത്ത് അധ്യക്ഷസ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റ് പേരുകൾ ഇവയാണ്.എൻ ഹരി. ബിജുകുമാർ, ഷോൺ ജോർജ്. ഇതിൽ എൻ.ഹരി കോട്ടയം ജില്ലയുടെ മുൻ അധ്യക്ഷനാണ്.നിലവിൽ മധ്യ മേഖല പ്രസിഡണ്ടും. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ‘ഹരിക്ക് പൊൻകുന്നം ആസ്ഥാനമായ പുതിയ അധ്യക്ഷ പദവി ലഭിക്കുമെന്ന് സൂചനയുണ്ട്.എന്നാൽ ‘സംസ്ഥാന ദേശീയതലത്തിലുള്ള പദവികളോടാണ്ഹരിക്ക് താൽപര്യമെന്ന് അറിയുന്നു.
റബ്ബർ ബോർഡ് അംഗവുമായ ഹരിയുടെ ജില്ലയിലെ പ്രവർത്തന പരിചയം പാർട്ടിക്ക് നേട്ടമാകും എന്നാണ് കരുതപ്പെടുന്നത്. പാല, കാഞ്ഞിരപ്പള്ളി രൂപതകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഹരി നൃനപക്ഷങ്ങൾക്കിടയിൽ സ്വീകാരൃതയുള്ള നേതാവെന്നതും ശ്രദ്ധേയമായ അനുകൂലഘടകമാണ്.
പിജി ബിജു കുമാർ ഇപ്പോൾ ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറിയാണ്. പ്രവർത്തകർക്ക് വളരെ സ്വീകാര്യനായ നേതാവാണ് കോട്ടയം മേവെള്ളൂർ സ്വദേശിയായ ബിജു.ബിജുവിന്റെ പേര് കഴിഞ്ഞതവണ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതാണ്. നേരത്തെ മാധ്യമപ്രവർത്തകനായിരുന്നു.
ബിജെപിയിലേക്ക് പിസി ജോർജിനൊപ്പം കടന്നുവന്ന ഷോൺ ജോർജ് നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമാണ്. കൂടാതെ ബിജെപി സംസ്ഥാന സമിതി അംഗവുമാണ്.മുനമ്പം വിഷയം അടക്കമുള്ള പ്രശ്നങ്ങളിൽ പാർട്ടിയുടെ നിലപാടുകൾക്കൊപ്പം നിന്ന് സജീവമായി പ്രവർത്തിക്കുകയുമാണ്. കോട്ടയത്തിന്റെ ക്രൈസ്തവ മേഖലകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ഷോണിനെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്നാൽ ഷോണിന്റെ പിതാവായ പിസി ജോർജിന്റെ തുടർച്ചയായ മുസ്ലീം വിരുദ്ധ പ്രസ്താവനകൾ ബിജെപിക്ക് കല്ലുകടിയാവുന്നത് ഷോണിന്റെ സാധൃതകൾക്ക് തടസ്സമായി നില്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.